നൂറായുസ് വേണ്ടേ..! ദീർഘായുസിന് ശാസ്ത്രജ്ഞർ കണ്ടെത്തിയ ആ രഹസ്യം ഇതാ
100 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണം 2005നും 2030നും ഇടയിൽ അഞ്ചിരട്ടിയിലധികം വരുമെന്നാണ് ഗവേഷണം കണക്കാക്കുന്നത്
നൂറായുസാ.. അത്രയും നേരം സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് മുന്നിലെത്തിയാൽ ആദ്യം പറയുന്ന കാര്യമാണിത്. നൂറുവയസ് വരെ ജീവിക്കട്ടെയെന്ന് പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കുന്നവരുമില്ലേ. എന്നാൽ, ഈ കാലത്തൊക്കെ നൂറു വയസ് വരെ ജീവിക്കുക എന്നാൽ ചിന്തിക്കാൻ കഴിയുമോ!
മനുഷ്യരുടെ ആയുർദൈർഘ്യം 1900ന് ശേഷം ഇരട്ടിയിലധികമായി. ആഗോള ആയുർദൈർഘ്യം 1900ൽ 31 വർഷമായിരുന്നു എങ്കിൽ 2023ലത് 73.2 വർഷമായി വർധിച്ചു. 2050-ൽ അത് 77.1 വർഷമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 വയസോ അതിൽ കൂടുതലോ പ്രായമെത്തുന്നവരുടെ എണ്ണവും വർധിച്ചുവരികയാണെന്നാണ് കണക്കുകൾ. ആഗോളതലത്തിൽ, 100 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണം 2005നും 2030നും ഇടയിൽ അഞ്ചിരട്ടിയിലധികം വരുമെന്നാണ് 2000-കളുടെ തുടക്കത്തിലെ ഗവേഷണം കണക്കാക്കുന്നത്.
എന്നാലും, എങ്ങനെയായിരിക്കും ആളുകൾ നൂറുവയസ് വരെയൊക്കെ ജീവിച്ചിരിക്കുക എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ടഫ്റ്റ്‌സ് മെഡിക്കൽ സെന്റർ, ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ ഒരു ശ്രമം നടത്തിയിരുന്നു. ആരോഗ്യകരമായ വാർദ്ധക്യ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തലുകൾ ഉപകരിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലാൻസെറ്റ് ഇബയോമെഡിസിൻ ജേണലിൽ അടുത്തിടെ ഈ പഠനം പ്രസിദ്ധീകരിച്ചിരുന്നു.
വയസാകുമ്പോൾ രോഗപ്രതിരോധ സംവിധാനത്തിന് എന്തുസംഭവിക്കും?
പ്രായമാകുമ്പോൾ സ്വാഭാവികമായും ശാരീരികവും മാനസികവുമായി ഒരുപാട് മാറ്റങ്ങൾ സംഭവിക്കും. രോഗപ്രതിരോധ ശേഷിയിലടക്കം വലിയ മാറ്റങ്ങളുണ്ടാകും. പ്രായമേറുമ്പോൾ രോഗപ്രതിരോധവ്യവസ്ഥ എങ്ങനെ മാറുന്നു എന്ന കാര്യത്തിൽ രണ്ട് പ്രധാന ആശയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കാലിഫോർണിയയിലെ സാന്താ മോണിക്കയിലെ പസഫിക് ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജെറിയാട്രിക് കോഗ്നിറ്റീവ് ഹെൽത്തിന്റെ ഡയറക്‌ടറും വയോജന വിദഗ്ധനുമായ ഡോ. സ്കോട്ട് കൈസർ പറയുന്നു.
ഇമ്മ്യൂണോസെനെസെൻസ് എന്നറിയപ്പെടുന്ന അവസ്ഥയാണ് ആദ്യത്തേത്. പ്രായമാകുമ്പോൾ രോഗപ്രതിരോധ ശേഷിയിലുണ്ടാകുന്ന സാധാരണ മാറ്റമാണിത്. ഈ മാറ്റങ്ങൾ കാലക്രമേണ പ്രായമായവരിൽ രോഗപ്രതിരോധ പ്രവർത്തനം ദുർബലമാകാൻ ഇടയാക്കും. അണുബാധ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ, വിവിധതരം ക്യാൻസറുകൾ എന്നിങ്ങനെയുള്ള രോഗങ്ങളുടെ അപകടസാധ്യത കൂട്ടാൻ ഇത് ഇടയാക്കും.
രക്തത്തിലും ശരീരത്തിലെ വിവിധ ടിഷ്യൂകളിലും ഉയർന്ന അളവിലുള്ള പ്രോ-ഇൻഫ്ലമേറ്ററി മാർക്കറുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി വർധിക്കുമ്പോൾ ശരീരത്തിന് വീക്കം അനുഭവപ്പെട്ടേക്കാം. അൽഷിമേഴ്‌സ് രോഗത്തിന്റെ സാധ്യത കൂടാൻ ഇതിടയാക്കും. പ്രായമേറുംതോറും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിരവധി മാറ്റങ്ങളാണുണ്ടാകുന്നത്. പ്രായത്തിനനുസരിച്ച് നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങൾ എങ്ങനെ മാറുന്നു എന്നതിനെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഒന്നുകിൽ ഈ മാറ്റങ്ങൾ നമ്മെ കൂടുതൽ ദുർബലരാക്കിയേക്കാം, അല്ലെങ്കിൽ ശരീരത്തിന് കൂടുതൽ സംരക്ഷണം നൽകാം.
പ്രായത്തിനനുസരിച്ച് നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളുട പ്രവർത്തനത്തിലും കോശങ്ങളുടെ ഘടനയിലും മാറ്റംവരുന്നു. ഈ മാറ്റങ്ങൾ വാർദ്ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്ക് നയിച്ചേക്കാം. നൂറുവയസിലെത്തിയ പലർക്കും ഇത്തരം അസുഖങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. ഇവർക്ക് വാർധക്യ രോഗങ്ങൾ വരുന്നതിന് കാലതാമസമെടുക്കുന്നു. ഇത് വാർദ്ധക്യത്തിലും വളരെ പ്രവർത്തനക്ഷമമായി തുടരുന്ന പ്രതിരോധശേഷിയെയാണ് സൂചിപ്പിക്കുന്നത്. നൂറുവയസ് കടന്ന ഏഴ് പേരുടെ രക്തസാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വാർദ്ധക്യത്തിലും പ്രത്യേക രോഗപ്രതിരോധ കോശങ്ങളുടെ സാന്നിധ്യത്തിലെ വ്യാത്യാസങ്ങളാണ് പഠനത്തിൽ ഗവേഷകർ പരിശോധിച്ചത്. പ്രായത്തിനനുസരിച്ച് മാറുന്ന ജീൻ എക്സ്പ്രഷൻ പാറ്റേണുകൾ ഇവരിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
കോശങ്ങളാണ് കാരണം
പ്രായത്തിനനുസരിച്ച് കോശങ്ങളിലുണ്ടാകുന്ന മാറ്റങ്ങളാണ് നൂറുവയസുള്ളവരിൽ രോഗപ്രതിരോധശേഷി നിലനിർത്താൻ കാരണം. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളുള്ള രണ്ട് ജീനുകളിലും അസാധാരണമായ പ്രത്യേക സെൽ ടൈപ്പ് സിഗ്നേച്ചറുകളും ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതാണ് ദീർഘായുസിന് സഹായിക്കുന്നത്. ആരോഗ്യകരമായ വാർദ്ധക്യ ചികിത്സാരീതികൾ കണ്ടെത്തുന്നതിന് ഈ കണ്ടെത്തലുകൾ സഹായിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു.
വാർദ്ധക്യ രോഗങ്ങൾക്കുള്ള പുതിയ ചികിത്സാരീതികൾ
ഈ പഠനം വളരെ രസകരമായി തോന്നിയെന്നാണ് പഠനം അവലോകനം ചെയ്ത ശേഷം, ഡോ. കൈസർ മെഡിക്കൽ ന്യൂസ് ടുഡേയോട് പറഞ്ഞത്. വളരെയധികം പ്രയാമുള്ളവരിൽ എന്താണാ ആയുസ്സിന് കാരണമാകുന്നത് എന്ന കാര്യം പഠനവിധേയമാക്കുന്നത് ഏറെ കൗതുകകരമായ കാര്യമാണ്. ഈ സാധ്യമായ പാഠങ്ങൾ നമ്മെ കൂടുതൽ പ്രതിരോധശേഷിയുള്ളവരാക്കുന്നു. 100 വയസും അതിനുമപ്പുറവും ജീവിച്ചിരിക്കുന്ന ആളുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നന്നായി മനസ്സിലാക്കാൻ അവരുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വഭാവം മനസിലാക്കുക തന്നെയാണ് പ്രധാനം.
വാർദ്ധക്യത്തിനൊപ്പം വരുന്ന രോഗപ്രതിരോധ മാറ്റങ്ങൾ മനസ്സിലാക്കുന്നത് ആളുകളെ കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് നാഷണൽ കൗൺസിൽ ഓൺ ഏജിംഗ്സ് സെന്റർ ഫോർ ഹെൽത്തി ഏജിംഗ് സീനിയർ ഡയറക്ടർ കാത്‌ലീൻ കാമറൂണും പറയുന്നു. ഇതെല്ലാം വളരെ പ്രാഥമിക ഗവേഷണങ്ങളാണെന്നും ചെറിയ പഠനങ്ങളാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. എങ്കിലും, പ്രതിരോധശേഷി നന്നായി മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്നും ഡോക്ടർ വ്യക്തമാക്കി.