രാവിലെ മാത്രം ബ്രഷ് ചെയ്താൽ പോരാ, ഹൃദയം കാക്കാൻ രാത്രിയും ബ്രഷ് ചെയ്യാം

കിടക്കുന്നതിനു മുമ്പ് പല്ലുതേക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Update: 2023-08-25 14:47 GMT
Editor : anjala | By : Web Desk
Advertising

വായയുടെ ആരോഗ്യത്തിന് ദിവസത്തിൽ രണ്ടുനേരവും പല്ലുതേച്ച് വായ ശുചിയാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അനേകം പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ പലരും രാത്രിയിലെ പല്ലുതേപ്പ് ഒഴിവാക്കുന്നവരാണ്. കിടക്കുന്നതിനു മുമ്പ് പല്ലുതേക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രികാലങ്ങളിൽ ബ്രഷ് ചെയ്യാതിരിക്കുന്നതും ഹൃദ്രോ​ഗ സാധ്യതയും തമ്മിലുള്ള ബന്ധമാണ് ​പഠനത്തിൽ പറയുന്നത്. ജപ്പാനിലെ ഒസാക സർവകലാശാല ഹോസ്പിറ്റലിൽ നിന്നുള്ള രേഖകൾ ആസ്പദമാക്കിയാണ് ഈ പഠനം നടന്നത്. നേച്ചേഴ്സ് ജേർണലിന്റെ സയന്റിഫിക് റിപ്പോർട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തുടർന്ന് പഠനത്തിനു എടുത്ത ആളുകളെ നാലു വിഭാ​ഗങ്ങളായി തിരിച്ചാണ് പഠനം നടന്നത്. രാവിലെയും രാത്രിയും എന്ന രീതിയിൽ രണ്ടുനേരവും ബ്രഷ് ചെയ്യുന്നവർ, രാത്രികാലങ്ങളിൽ മാത്രം ബ്രഷ് ചെയ്യുന്നവർ, ബ്രഷ് ചെയ്യാത്തവർ, എഴുന്നേറ്റയുടൻ മാത്രം ബ്രഷ് ചെയ്യുന്നവർ എന്നിങ്ങനെയാണ് തരംതിരിച്ചത്. ഓരോ ​ഗ്രൂപ്പിലും 409,751,164,259 അം​ഗങ്ങളാണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടെയും പ്രായവും ലിം​ഗവും പുകവലി ശീലവുമൊക്കെ വിലയിരുത്തുകയും കൂടാതെ മറ്റ് മെഡിക്കൽ രേഖകളും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

ദിവസവും രണ്ടുനേരം പല്ലുതേച്ചവരിൽ രോ​ഗങ്ങളെ അതിജീവിക്കാനുള്ള സാധ്യത മറ്റുവിഭാ​ഗത്തെ അപേക്ഷിച്ച് കൂടുതലാണെന്ന് ‌പഠനത്തിനൊടുവിൽ കണ്ടെത്തി. രണ്ടുനേരവും ബ്രഷ് ചെയ്യാതെ വരുമ്പോൾ വായയിൽ ഉണ്ടാകുന്ന ബാക്റ്റീരിയ കുടലിനെ ബാധിക്കുകയും അത് കൂടുതൽ രോ​ഗങ്ങളിലേക്ക് നയിക്കുമെന്നും ​ഗവേഷകർ പറയുന്നു.

ഹൃദയസംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങളുമായി എത്തിയവരിൽ രാവിലെ മാത്രം ബ്രഷ് ചെയ്യുകയും തീരെ ബ്രഷ് ചെയ്യാതിരിക്കുകയും ചെയ്യുന്നവരിൽ രോ​ഗമുക്തി പ്രയാസമായിരുന്നു. എന്നാൽ ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുകയും രാത്രികാലങ്ങളിൽ മാത്രം ബ്രഷ് ചെയ്യുകയും ചെയ്തവരിൽ രോ​ഗമുക്തി ഉയർന്ന നിലയിലും കണ്ടെത്തി. പുകവലിക്കാരിലും സ്ഥിതി മോശമായെന്നും പഠനത്തിൽ കണ്ടെത്തി.

രാത്രിയിൽ ബ്രഷ് ചെയ്യാതിരിക്കുന്നതുമൂലം വായിൽ അടിഞ്ഞുകൂടുന്ന ബാക്റ്റീരിയ ശരീരത്തിലാകെ വീക്കത്തിനു കാരണമാകുന്നു. പിന്നീട് ഇത് ​​ഹൃദ്രോ​ഗം പോലുള്ള ​ഗൗരവമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാമെന്നാണ് ​ഗവേഷകർ പറയുന്നു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News