ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ കാപ്പി കുടിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.
ചൂടുള്ള കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതിലൂടെ ഉന്മേഷം ലഭിക്കാറുണ്ടെന്ന് പലരും പറയാറുണ്ട്. കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് ഇത് രക്തത്തില്‍ കലരുകയും തലച്ചോറിന്റെ ക്ഷീണം നീക്കം ചെയ്ത് സജീവമാക്കുകയും ചെയ്യുന്നത് കൊണ്ടാണ് പലരും രാവിലെ കാപ്പി കുടിക്കുന്നത് പതിവാക്കുന്നത്.
എന്നാല്‍ രാവിലെ എഴുന്നേറ്റയുടന്‍ കാപ്പി കുടിക്കുന്നവര്‍ അത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാരണം രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ കാപ്പി കുടിക്കുമ്പോൾ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പ്രമേഹം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.
ശരീരത്തിൽ കഫീന്‍ പ്രവര്‍ത്തിക്കുന്നത്...
ഉറക്കം ഉണരുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍/സ്‌ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിച്ച് ആ ദിവസത്തിനായി നിങ്ങളെ സജ്ജമാക്കുന്നു. ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്നിരിക്കുന്ന സമയമാണിത്. ഈ സമയത്ത് കാപ്പി കുടിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകുന്നു. പാലില്ലാതെ കട്ടന്‍ കാപ്പി കുടിക്കുന്നവരും ഈ അപകടം ബാധിക്കും.
രാവിലെ ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിയാതെ കാപ്പി കുടിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നിര്‍ദേശിക്കുന്നത്. കാരണം ഇത്രയും സമയം കഴിയുമ്പോഴേക്കും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍ തുടങ്ങുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാനാകും. ഭക്ഷണം കഴിച്ചയുടനെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഇത് ധമനികളെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കാം.