തടി കുറക്കാനുള്ള തയ്യാറെടുപ്പിലാണോ? ഉറങ്ങുന്നതിന് മുമ്പ് ഈ കാര്യങ്ങൾ കൂടി മറക്കാതെ ചെയ്തുനോക്കൂ....
ശരീരഭാരം കുറക്കുക ഒരു നീണ്ട പ്രക്രിയയാണ്. അതിന് ധാരാളം ക്ഷമയും സ്ഥിരോത്സാഹവും സഹിഷ്ണുതയും ആവശ്യമാണ്
ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. രോഗങ്ങളിൽ നിന്നും ശാരീരിക വിഷമതകളിൽ നിന്നെല്ലാം രക്ഷനേടാൻ ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ശരീരഭാരം കുറക്കുക ഒരു നീണ്ട പ്രക്രിയയാണ്. അതിന് ധാരാളം ക്ഷമയും സ്ഥിരോത്സാഹവും സഹിഷ്ണുതയും ആവശ്യമാണ്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓരരോരുത്തരുടെയും ദിനചര്യയും വ്യത്യസ്തമായിരിക്കും. ജിമ്മിൽ പോയോ അല്ലാതെയോ വ്യായാമം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. എന്നാൽ ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് ചില കാര്യങ്ങൾ കൂടി സ്ഥിരമായി ചെയ്താൽ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുന്നതിന് സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം...
വൈകുന്നേരത്തെ വ്യായാമം
വൈകുന്നേരം ചെറുവ്യായാമമോ യോഗയോ ചെയ്യുന്നത് രാത്രിയിൽ ശാന്തമായ ഉറക്കം ലഭിക്കാൻ സഹായിക്കും. കൊഴുപ്പ് എരിച്ചുകളയാൻ മാത്രല്ല, മാനസിക സമ്മർദം കുറക്കുകയും ചെയ്യും. സമ്മർദരഹിതമായി ഉറങ്ങുമ്പോഴാണ് ശാന്തമായ ഉറക്കം ലഭിക്കുക.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് . ഇലക്ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കുന്നത് വഴി സഹായിക്കും. വെള്ളം ഇടക്കിടെ കുടിക്കുന്നത് വിശപ്പ് കുറക്കാനും സഹായിക്കും.
അത്താഴം നേരത്തെ കഴിക്കുക
രാത്രിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് അത്താഴം നേരത്തെ കഴിക്കുക എന്നത്. നേരത്തെ അത്താഴം കഴിക്കുന്നത് വഴി ശരീരത്തിന് ഭക്ഷണം ആഗിരണം ചെയ്യാനും ദഹിപ്പിക്കാനും അതിലൂടെ പ്രവർത്തിക്കാനും ധാരാളം സമയം നൽകുന്നു.
ഭക്ഷണം ചെറിയ അളവിൽ മാത്രം
കഠിനമായ ജോലി ചെയ്ത ശേഷം അമിതമായി ഭക്ഷണം കഴിക്കരുത്. നിങ്ങൾ കഴിക്കുന്ന അത്താഴത്തിൽ അവശ്യപോഷകങ്ങൾ സന്തുലിതമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രാവിലെ വരെ നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കാൻ ആവശ്യമായ ഭക്ഷണമാണ് അത്താഴത്തിന് കഴിച്ചതെന്നും ഉറപ്പുവരുത്തുക.
സ്‌ക്രീൻ സമയം കുറക്കുക
ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനായി കിടക്കയിൽ കിടക്കുമ്പോൾ ഫോൺ എടുത്തുനോക്കി മണിക്കൂറുകളോളും സ്‌ക്രോൾ ചെയ്യുന്നവരാണ് ഒട്ടുമിക്ക പേരും. ഇത് സ്‌ക്രീനിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദിപ്പിക്കുകയും ഉറക്കത്തെ കൂടുതൽ തടസപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും ഫോണോ ലാപ്‌ടോപ്പോ പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിന് പകരം ഉറങ്ങുന്നതിന് മുമ്പ് 10 മിനിറ്റ് ധ്യാനം, ചെയ്യുക, പുസ്തകം വായിക്കുക തുടങ്ങിയവ ചെയ്യാം.
അർധ രാത്രിയിലെ ലഘുഭക്ഷണം വേണ്ട
രാത്രി ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ എന്തെങ്കിലും കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. ഫ്രിഡ്ജിൽ നിന്ന് ഡേസോർട്ടോ, അതല്ലെങ്കിൽ ബേക്കറിയോ ഒക്കെ കഴിക്കുന്നവരും ഏറെയുണ്ട്. എന്നാൽ ശരീരഭാരം കുറക്കാൻ തുടങ്ങിയവർക്ക് ഇത് ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.ഇനി എന്തെങ്കിലും കഴിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ ഒരു പിടി അണ്ടിപ്പരിപ്പോ പഴങ്ങളോ കഴിക്കാം.. കലോറിയും ഉയർന്ന പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ഇത് നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ വൈകിപ്പിക്കുകയും ചെയ്യും.
നന്നായി ഉറങ്ങുക
ശരീരഭാരം കുറക്കുന്നതിൽ പ്രധാനപ്പെട്ട കാര്യമാണ് നന്നായി ഉറങ്ങുക എന്നത്. ഒരു ദിവസത്തെ സമ്മർദങ്ങളിൽ നിന്ന് ശരീരം വിശ്രമിക്കുന്ന സമയമാണിത്. ഹോർമോൺ പ്രവർത്തനം, മെറ്റബോളിസം, ദഹനം എന്നിവ ശരിയായ രീതിയിൽ നടക്കാൻ എല്ലാ ദിവസവും ഏഴുമുതൽ എട്ടു മണിക്കൂർ വരെയെങ്കിലും നല്ല ഉറക്കം പ്രധാനമാണ്. ഉറങ്ങാനായി അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുക. ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്യുകയോ ഡിനം ലൈറ്റുകൾ ഉപയോഗിക്കുകയോ ചെയ്യുക. നല്ല വായുസഞ്ചാരമുള്ള മുറിയിൽ ഉറങ്ങാനും ശ്രമിക്കുക.