എന്താണ് വാടക ഗർഭധാരണം? വാടക ഗർഭധാരണത്തിന്റെ അഞ്ച് ഘട്ടങ്ങൾ

2005 ൽ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തിൽ ആദ്യമായി ആദ്യത്തെ വാടക ഗർഭപാത്രത്തിൽനിന്ന് കുഞ്ഞു പിറന്നത്

Update: 2022-10-12 15:06 GMT
Advertising

ഈയിടെ ചർച്ചയായ വാർത്തകളിൽ ഒന്നാണ് വാടക ഗർഭധാരണം. താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചതാണ് ഇത്തരമൊരു ചർച്ചക്ക് വഴിതെളിച്ചത്.

2005 ൽ തിരുവനന്തപുരം സമദ് ആശുപത്രിയിലായിരുന്നു കേരളത്തിൽ ആദ്യമായി ആദ്യത്തെ വാടക ഗർഭപാത്രത്തിൽനിന്ന് കുഞ്ഞു പിറന്നത്. 40 കഴിഞ്ഞ കൊച്ചി സ്വദേശികളായ ദമ്പതികളിലായിരുന്നു പരിക്ഷണം. ഗർഭ പാത്രത്തിന് തകരാറുള്ള ഇവർക്ക് വേണ്ടി പ്രസവിക്കാൻ മറ്റൊരു സ്ത്രീയെ കണ്ടെത്തി ദമ്പതികളുടെ ബീജവും അണ്ഡവും ശേഖരിച്ച് ഭ്രൂണത്തെ വാടക മാതാവിൽ നിക്ഷേപിച്ചു. ആദ്യം പരാജയപ്പെട്ടെങ്കിലും പരീക്ഷണം പിന്നീട് വിജയിക്കുകയും പ്രസവ ശേഷം യുവതി കുഞ്ഞിനെ ദമ്പതിമാർക്ക് കൈമാറുകയും ചെയ്തിരുന്നു. ഗുജറാത്തിലെ ആനന്ദ് നഗരമാണ് ഇന്ത്യയിൽ വാടകപ്രസവത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത്

എന്താണ് വാടക ഗർഭധാരണം ?

ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഗർഭ ധാരണത്തിനും പ്രസവത്തിനുമായി നൽകുക വഴി കുട്ടികളില്ലാത്ത ദമ്പതിമാർക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കുവാൻ സൗകര്യമൊരുക്കുന്നതാണ് വാടക ഗർഭധാരണം. വാടക ഗർഭധാരണത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്

1. ട്രഡിഷണൽ സറഗേറ്റ്‌സ്

പങ്കാളികൾ തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കാനായി ഒരു സ്ത്രീയെ കണ്ടെത്തുകയും അവരിൽ അച്ഛനാകേണ്ട വ്യക്തിയുടെ ബീജം നിക്ഷേപിയ്ക്കുകയും ചെയ്യും. ഇവർ ഗർഭം ധരിച്ച് ദമ്പതികൾക്കായി കുഞ്ഞിനെ പ്രസവിച്ചു നൽകും. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞിന്റെ ജൈവ അമ്മ പ്രസവിച്ച സ്ത്രീ ആയിരിക്കും. കാരണം പുരുഷന്റെ ബീജത്തിൽ ഇവരുടെ അണ്ഡമാണ് കലരുന്നത്.

2. ജെസ്റ്റേഷണൽ സറഗേറ്റ്‌സ്

ദമ്പതികളിൽ നിന്ന് തന്നെ ബീജവും അണ്ഡവും ശേഖരിച്ച് വാടക ഗർഭധാരണം നടത്തുന്ന രീതിയാണിത്. ഐ വി എഫ് വഴി അമ്മയുടെ അണ്ഡം ശേഖരിച്ച് അച്ഛന്റെ ബീജവുമായി യോജിപ്പിച്ച് വാടക ഗർഭധാരണത്തുനുവേണ്ടി കണ്ടെത്തിയ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാൽ തന്നെ ഇത്തരം അമ്മമാരെ ഗർഭവാഹകർ എന്നാണ് വിളിക്കുന്നത്. ഭ്രൂണത്തെ നിർദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വെച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന് പ്രസവിക്കുന്ന സ്ത്രീയുടെ ജനിതക ഘടകങ്ങളുമായി സാമ്യമുണ്ടാകില്ല. അതിനാൽ അണ്ഡം നൽകിയ സ്ത്രീയായിരിക്കും കുഞ്ഞിന്റെ യഥാർത്ഥ അമ്മ. ദമ്പതികൾക്ക് തന്നെ കുഞ്ഞിന്റെ യഥാർത്ഥ അച്ഛനും അമ്മയും ആകാൻ സാധിയ്ക്കുമെന്നതിനാൽ ട്രഡിഷണൽ രീതിയേക്കാൾ സ്വീകാര്യമാണ് ജെസ്റ്റെഷണൽ സറഗേറ്റ്‌സ്.

വാടക ഗർഭധാരണത്തിന്റെ അഞ്ച് ഘട്ടങ്ങൾ

ഘട്ടം 1: ഐവിഎഫിലൂടെ ബീജസങ്കലനം ചെയ്ത് ഭ്രൂണങ്ങൾ സൃഷ്ടിക്കുക. ഇതിനായി ദമ്പതികൾ അവരുടെ അണ്ഡവും ബീജവും വിഇ ക്ലിനിക്കിൽ നൽകണം. സങ്കലനത്തിനു ശേഷം ഭ്രൂണങ്ങളെ ക്ലിനിക്കിൽത്തന്നെ ശീതീകരിച്ച് സൂക്ഷിക്കും. എത്ര അണ്ഡങ്ങൾ എടുക്കുന്നോ അത്രയും ഭ്രൂണങ്ങളെ ഉണ്ടാക്കാൻ സാധിക്കും.

ഘട്ടം 2: വാടക ഗർഭപാത്രം കണ്ടുപിടിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിന് നിയമപരമായി നിരവധി നിയന്ത്രണങ്ങളുണ്ട്. ഏജൻസികളുടെ സഹായം ഈ ഘട്ടത്തിൽ ലഭ്യമാണ്.

ഘട്ടം 3: ഗർഭം സ്വീകരിക്കുന്നതാണ് മൂന്നാമത്തെ ഘട്ടം, ബീജസങ്കലനത്തിലൂടെ അനേകം ഭ്രൂണങ്ങളെ സൃഷ്ടിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് വാടക ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. മറ്റുള്ള ഭ്രൂണങ്ങളെ വീണ്ടും ആവശ്യം വന്നാൽ ഉപയോഗിക്കാനായി ശീതികരിച്ച് സൂക്ഷിക്കും. വാടക അമ്മ ഇതിനായി ചില പ്രത്യുൽപാദന ചികിത്സകൾക്ക് വിധേയയാവും.

ഘട്ടം 4 : ഗർഭസ്ഥശിശു സംരക്ഷണമാണ് നാലാമത്തെ ഘട്ടം. അത് വാടകഗർഭധാരണത്തിനേൽപ്പിച്ച മാതാപിതാക്കളുടേയോ ഏജൻസികളുടേയും കൂടി ഉത്തരവാദിത്തമാണ്.

ഘട്ടം 5 : കുഞ്ഞിന്റെ ജനനമാണ് അവസാന ഘട്ടം. ദമ്പതികൾക്ക് പ്രസവസമയത്ത് കുഞ്ഞിനെ കാണാനും, വാടക അമ്മയുടെ കൂടെ നിൽക്കാനുമുള്ള അവസരമുണ്ടാവും. പ്രസവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും.

വാടക ഗർഭധാരണം: ഇന്ത്യൻ നിയമം പറയുന്നതെന്ത്?

പ്രതിഫലം പറ്റിയുള്ള വാടക ഗർഭധാരണം നിരോധിക്കുന്ന വാടക ഗർഭപാത്ര നിയന്ത്രണ ബിൽ 2016 ൽ ലോക്‌സഭ പാസാക്കിട്ടുണ്ട് .ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ വാങ്ങാൻ പാടില്ലെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇപ്പോൾ പാസാക്കിയ ബില്ലനുസരിച്ച് നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വാടക ഗർഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായി സ്വന്തം കുഞ്ഞായി ദമ്പതിമാർക്ക് പരിഗണിക്കാം. വിവാഹിതരല്ലാത്ത പങ്കാളികൾ, പങ്കാളി മരിച്ചവർ, വിവാഹമോചിതർ, ഏകരക്ഷിതാക്കൾ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടകയ്ക്ക് ഗർഭപാത്രം സ്വീകരിക്കാൻ അനുമതിയില്ല. ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. ഒരാൾക്ക് ഒരു തവണയേ ഗർഭപാത്രം നൽകാനാവൂ. പ്രവാസി ഇന്ത്യൻ വനിതകൾക്കും വിദേശികൾക്കും ഗർഭപാത്രം വാടകയ്ക്ക് നൽകാനാവില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി ദമ്പതിമാർക്ക് ഇന്ത്യയിൽ നിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം.

വാടക അമ്മയെ തിരഞ്ഞെടുക്കുമ്പോൾ

> കുറഞ്ഞത് 21 വയസ് പൂർത്തിയായിരിയ്ക്കണം. 25 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

> ഒരു കുഞ്ഞിനെങ്കിലും മുൻപ് ജനനം നൽകിയിട്ടുണ്ടാകണം. കാരണം, എങ്കിൽ മാത്രമേ ഗർഭധാരണം, പ്രസവം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകൂ, മാത്രമല്ല, കുഞ്ഞിന് ജന്മം നൽകുമ്പോൾ കുഞ്ഞുമായി ഉണ്ടാകാവുന്ന വൈകാരികമായ അവസ്ഥയും അനുഭവിച്ചവരാകുന്നത് നല്ലതാണ്.

> ഗർഭകാലം കഴിഞ്ഞ് കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറുന്നത് സംബന്ധിച്ച് മാനസികാരോഗ്യ വിദഗ്ധരുടെ വിശദമായ കൗൺസിലിംഗ് ലഭിച്ചിരിയ്ക്കണം.

> ഗർഭധാരണം മുതൽ കുഞ്ഞിനെ കൈമാറുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് എഴുതി തയ്യാറാക്കിയ കരാറിൽ ഒപ്പുവെയ്ക്കണം.

> വാടക ഗർഭധാരണം നടത്താൻ തയ്യാറായ സ്ത്രീ പൂർണ ആരോഗ്യവതിയാണെന്ന് തെളിയിക്കാനുള്ള മെഡിക്കൽ പരിശോധനകൾ നടത്തണമെന്ന് നിർദേശമുണ്ട്.

> ഇവർക്ക് സിഫിലിസ്, ഗൊണേറിയ, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള പകർച്ചവ്യാധികൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

> മീസിൽസ്, റുബെല്ല, ചിക്കൻ പോക്‌സ് പോലുള്ളവയ്‌ക്കെതിരെ പ്രതിരോധം ഉറപ്പാക്കണം

> ഗർഭകാലത്തുടനീളം ആരോഗ്യത്തോടെയിരിക്കാൻ സാധിയ്ക്കും എന്ന് പരിശോധിച്ച് ബോധ്യപ്പെടണം

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News