ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ ആയിരത്തിലേക്ക്; കോവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധന

22 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്

Update: 2021-12-30 05:06 GMT
Advertising

ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം 961 ആയി. ഡൽഹിയിൽ 263 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 252 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോൺ കണ്ടെത്തി. 320 പേർ രോഗമുക്തരായി.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.

2020 ഓഗസ്റ്റ് 7നാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23ന് 30 ലക്ഷവും സെപ്തംബർ 5ന് 40 ലക്ഷവും സെപ്തംബർ 16ന് 50 ലക്ഷവും സെപ്റ്റംബർ 28ന് 60 ലക്ഷവും പിന്നിട്ടു. ഒക്ടോബർ 1ന് 70 ലക്ഷവും ഒക്ടോബർ 29ന് 80 ലക്ഷവും കടന്നു. കോവിഡ് ബധിച്ചവരുടെ എണ്ണം നവംബർ 20ന് 90 ലക്ഷം കടന്നപ്പോള്‍ ഡിസംബർ 19നാണ് ഒരു കോടി പിന്നിട്ടത്. 2021 മെയ് 4ന് രണ്ട് കോടിയും ജൂൺ 23ന് മൂന്ന് കോടിയും പിന്നിട്ട് രാജ്യത്തെ കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുകയാണ്.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കൂടുതൽ സംസ്ഥാനങ്ങൾ. ഡൽഹിക്ക് പുറമേ ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിൽ ജനുവരി ഒന്ന് മുതൽ വാക്സിൻ എടുത്തവർക്ക് മാത്രമേ പൊതുഇടങ്ങളിൽ പ്രവേശനമുള്ളൂ. രാത്രി കർഫ്യു ശക്തമാക്കും. ഗോവയിൽ സിനിമാ തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രമേ ഗോവയിൽ പ്രവേശിക്കാൻ സാധിക്കൂ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News