അദാനി-ഹിൻഡൻ ബെർഗ് റിപ്പോർട്ട്: സുപ്രീം കോടതി വിധി നാളെ
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു
ന്യൂഡൽഹി: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിച്ചുവെന്നത് സംബന്ധിച്ച ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹരജിയിൽ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് വിധി പറയുക.
2023 ജനുവരി 24നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ഹിന്‍ഡൻ ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിറകെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. ലോക സമ്പന്നരിൽ രണ്ടാമതുണ്ടായിരുന്ന ഗൗതം അദാനി 30നും പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്നാണ് ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങി. കള്ളപ്പണം വെളുപ്പിക്കുന്നതായും ആരോപണമുയര്‍ത്തിയിരുന്നു.
ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ തന്നെ പിടിച്ചുലച്ച റിപ്പോർട്ട് വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.
അഭിഭാഷകരായ വിശാൽ തിവാരി, എം.എൽ. ശർമ, കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ എന്നിവർ ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജികൾ നൽകുകയായിരുന്നു. തുടർന്ന് വിഷയം പഠിക്കാൻ കോടതി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയെ (സെബി) ചുമതലപ്പെടുത്തി.
മെയ് 17നുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, എല്ലാ വശങ്ങളും കൃത്യമായി അന്വേഷിക്കാൻ പറ്റിയില്ലെന്നും സങ്കീർണമായ ഇടപാടുകളാണ് നടത്തിയതെന്നും കാണിച്ചു കൊണ്ട് കൂടുതൽ സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടു.
ഇതിനെ തുടർന്ന് കോടതി ആഗസ്റ്റ് 14നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. ഇതിനപ്പുറം ഒരു സമയം അനുവദിച്ച് നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, അവസാന തീയതി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിൽ സെബിക്കെതിരെ കോടതിയലക്ഷ്യ ഹരജി നൽകിയിരുന്നു. ഇതിനിടയിൽ സെബി മുൻ ചെയർമാൻ അടക്കമുള്ളവർ അദാനിയെ വഴിവിട്ട് സഹായിക്കുന്നവെന്ന മാധ്യമ പ്രവർത്തക സംഘടനായ ഒ.സി.സി.ആർ.പിയുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.