ഓൺലൈൻ വഴി 'പ്രണയ ജ്യോതിഷം'; യുവതിയിൽ നിന്ന് 47 ലക്ഷം രൂപ തട്ടിയ വ്യാജ ജോത്സ്യന്‍ അറസ്റ്റിൽ
നവംബർ 19 ന് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിയെ പരിചയപ്പെടുന്നത്
ഹൈദരാബാദ്: ഓൺലൈൻ വഴി 'പ്രണയ ജ്യോതിഷ'മെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷിയെയാണ് സൈബർ ക്രൈം വിഭാഗം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
നവംബർ 19 നാണ് ഇൻസ്റ്റാഗ്രാം വഴി യുവതി പ്രതിയെ പരിചയപ്പെട്ടത്. 'ആസ്‌ട്രോ ഗോപാൽ' എന്ന പേരിലായിരുന്നു പ്രതി ഇൻസ്റ്റഗ്രാം പേജുണ്ടാക്കിയിരുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാളുടെ ഫോൺ നമ്പറും നൽകിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. തുടർന്നാണ് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. ഇതിനായി ഇയാൾ പെൺകുട്ടിയിൽ നിന്ന് ആദ്യം 32,000 രൂപ ഈടാക്കി. കൂടാതെ ജ്യോതിഷത്തിലൂടെ അവളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാർത്ഥന നടത്താനെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊഹാലി സ്വദേശിയായ ലളിതിനെ അറസ്റ്റ് ചെയ്യുന്നത്.
ഐടി ആക്ടിലെ സെക്ഷൻ 66 സി & ഡി, ഇന്ത്യൻ പീനൽ കോഡിന്റെ 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വിലകൂടിയ മൊബൈൽ ഫോണുകൾ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ചെക്ക്ബുക്ക് എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓൺലൈൻ മാധ്യമങ്ങളിലും മറ്റും ഇയാൾ പരസ്യങ്ങൾ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മുന്‍പും നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.