മൈ​​ക്രോസോഫ്റ്റ് തകരാറ്: എയർപോർട്ട് സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി

‘യാത്രാ ക്രമീകരണങ്ങളും റീഫണ്ട് നടപടികളും ശ്രദ്ധിക്കുന്നു​ണ്ട്’

Update: 2024-07-20 07:31 GMT
Advertising

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. മൈക്രോസോഫ്റ്റ് തകരാർ വിവിധ വിമാന സർവീസുകളെ ബാധിച്ചിരുന്നു.

യാത്രാ ക്രമീകരണങ്ങളും റീഫണ്ട് നടപടികളും ശ്രദ്ധിക്കുന്നു​ണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹൻ റായിഡു പറഞ്ഞു. ‘പുലർച്ച മൂന്ന് മുതൽ എയർപോർട്ടുകളിലെ എയർലൈൻ സംവിധാനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിമാന സർവീസുകൾ സുഗമമായാണ് നടക്കുന്നത്. ഇന്നലത്തെ തടസ്സങ്ങൾ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പടിപടിയായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഇന്ന് ഉച്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹിക്കുമെന്നാണ് പ്രതീക്ഷ’ -മന്ത്രി എക്സിൽ കുറിച്ചു.

മൈക്രോസോഫ്റ്റ് 365, അസൂർ സർവീസസ് എന്നിവയുടെ തകരാറ് ഏറ്റവുമധികം ബാധിച്ചത് വ്യോമയാന മേഖലയിലാണ്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, അകാശ എയർ തുടങ്ങിയ കമ്പനികളുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.

കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായതോടെ പേനകൊണ്ട് എഴുതിയാണ് പലയിടത്തും ബോർഡിങ് പാസടക്കം നൽകിയത്. ഡൽഹി എയർപോട്ടിൽ മാത്രം അമ്പതോളം സർവീസുകളാണ് റദ്ദാക്കിയത്. 400ഓളം വിമാനങ്ങൾ വൈകി. കേരളത്തിലും നിരവധി സർവീസുകൾ റദ്ദാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - വി.കെ. ഷമീം

Senior Web Journalist

Similar News