ഡോക്ടറുടെ ബലാത്സം​ഗംക്കൊല: രാത്രി ഷിഫ്റ്റിലെ സ്ത്രീകൾക്കായി സുരക്ഷാ പദ്ധതിയുമായി ബം​ഗാൾ സർക്കാർ

മെഡിക്കൽ കോളജുകളിലും മറ്റ് ആശുപത്രികളിലും വനിതാ ഹോസ്റ്റലുകളിലും പൊലീസ് രാത്രി പട്രോളിങ് നടത്തും.

Update: 2024-08-18 04:32 GMT
Bengal launches new safety programme for women working on night shifts
AddThis Website Tools
Advertising

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ പദ്ധതി ആവിഷ്കരിച്ച് സംസ്ഥാന സർക്കാർ. രാത്രി കൂട്ടാളി എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

സി.സി.ടി.വി കവറേജുള്ള സേഫ് സോണുകൾ, രാത്രിയിൽ വനിതാ വളണ്ടിയർമാരുടെ വിന്യാസം, പൊലീസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന അലാം ഉള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ, ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ബ്രീത്ത് അനലൈസർ ടെസ്റ്റുകളുള്ള സുരക്ഷാ പരിശോധനകൾ എന്നിങ്ങനെ നിരവധി സുരക്ഷാ നടപടികൾ പദ്ധതിയിൽ ഉൾപ്പെടുന്നു. സ്ത്രീകൾക്കായി ശുചിമുറികളും ആശുപത്രികളുടെ എല്ലാ നിലകളിലും കുടിവെള്ള സൗകര്യവും ഒരുക്കും.

കൂടാതെ, മെഡിക്കൽ കോളജുകളിലും മറ്റ് ആശുപത്രികളിലും വനിതാ ഹോസ്റ്റലുകളിലും പൊലീസ് രാത്രി പട്രോളിങ് നടത്തും. മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകളിലെ എല്ലാ ജീവനക്കാരും അധ്യാപകരും സുരക്ഷാ​​ഗാർഡുകളും തിരിച്ചറിയൽ കാർഡ് എല്ലാവരും കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടം പൊലീസ് നടത്തും. വനിതാ ഡോക്ടർമാരുടെ ഷിഫ്റ്റ് 12 മണിക്കൂറിൽ കൂടരുതെന്നും പദ്ധതി വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്ര സംരക്ഷണ നിയമം എന്നറിയപ്പെടുന്ന ഹെൽത്ത്‌കെയർ സർവീസസ് പേഴ്‌സണൽ ആൻഡ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (അക്രമവും സ്വത്ത് നാശവും തടയൽ) ബിൽ- 2019 നടപ്പാക്കണമെന്നും ഡോക്ടർമാരുടെ സംഘടന പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

വനിതാ ഡോക്ടറുടെ ബലാത്സം​ഗക്കൊലയിൽ രാജ്യമൊട്ടാകെ ഡോക്ടർമാരുടെ പ്രതിഷേധം തുടരുകയാണ്. സംഘർഷ സാധ്യതാ പശ്ചാത്തലത്തിൽ കൊൽക്കത്ത ആർ.ജി കാർ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധർണയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് നിർദേശം നൽകി. ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.

ആശുപത്രി പരിസരത്ത് റാലികൾ, യോഗങ്ങൾ, ഘോഷയാത്രകൾ, ധർണകൾ, പ്രകടനങ്ങൾ, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടൽ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ബുധനാഴ്ച, ആർ.ജി കാറിലെ സമരപ്പന്തലും ആശുപത്രി കാമ്പസും ഒരുകൂട്ടം ആളുകള്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ പത്തിലധികം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ രാത്രി ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്.

ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പി.ജി ഡോക്ടറെ ക്രൂരബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസിൽ സിവിക് വളണ്ടിയറായ സഞ്ജയ് റോയ് അറസ്റ്റിലായിരുന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് കൊൽക്കത്ത ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി. ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സമഗ്രമായ നിയമപരിഷ്‌കാരം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News