ബിജെപി വിദ്വേഷത്തിന് തിരിച്ചടി; പള്ളിയിലേക്ക് സാങ്കൽപ്പിക അമ്പെയ്ത സ്ഥാനാർഥി മാത്രമല്ല നടിയും പത്മശ്രീ അവാർഡ് ജേതാവും തോറ്റു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും റാലികൾക്കിടയിലും വിദ്വേഷ പരാമർശങ്ങളും നീക്കങ്ങളുമുൾപ്പെടെ നടത്തിയ മൂന്ന് ബിജെപി സ്ഥാനാർഥികൾ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

Update: 2024-06-08 12:51 GMT
Advertising

ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ എൻഡിഎ 350ലേറെ സീറ്റുകൾ നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വോട്ടെണ്ണൽ ദിനത്തിൽ തകർന്നതിനൊപ്പം സ്ഥാനാർഥികളുടെ വിദ്വേഷനീക്കങ്ങളും പരാമർശങ്ങളും വിവിധയിടങ്ങളിൽ ബിജെപിക്കേകിയത് വൻ തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും റാലികൾക്കിടയിലും വിദ്വേഷ പരാമർശങ്ങളും നീക്കങ്ങളുമുൾപ്പെടെ നടത്തിയ മൂന്ന് ബിജെപി സ്ഥാനാർഥികൾ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. തെലങ്കാനയിലെ ഹൈദരാബാദ്, മഹാരാഷ്ട്രയിലെ അമരാവതി, പഞ്ചാബിലെ ഫരീദ്കോട്ട് എന്നീ സീറ്റുകളിലെ സ്ഥാനാർഥികളാണ് തോറ്റത്.

രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിലേക്ക് സാങ്കൽപ്പിക അമ്പെയ്യുകയും വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീ വോട്ടർമാരെ നിഖാബും ബുർഖയും ഉയർത്തി പരിശോധിക്കുകയും ചെയ്ത നടിയും ബിജെപി സ്ഥാനാർഥിയുമായ കൊമ്പെല്ല മാധവി ലതയാണ് ഹൈദരാബാദിൽ വൻ മാർജിനിൽ പരാജയപ്പെട്ടത്. ഇവിടെ എഐഎംഐഎം സ്ഥാനാർഥി അസദുദ്ദീൻ ഉവൈസി 3.3 ലക്ഷം വോട്ടുകൾക്കാണ് മാധവി ലതയെ തോൽപ്പിച്ചത്. ഉവൈസി 6,61,981 വോട്ടുകൾ നേടിയപ്പോൾ മാധവി ലതയ്ക്ക് കിട്ടിയത് 3,23,894 വോട്ടുകളാണ്.

പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്ത സംഭവത്തിൽ മാധവി ലതയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്.

അസംപൂരിലെ പോളിങ് ബൂത്തിലെത്തിയാണ് മാധവി ലത വോട്ട് ചെയ്യാൻ കാത്തുനിന്ന മുസ്‌ലിം സ്ത്രീകളുടെ ഐ.ഡി പരിശോധിക്കുകയും ദേഹപരിശോധന നടത്തുകയും ബുർഖ അഴിപ്പിക്കുകയും ചെയ്തത്. ഇതിൽ ഇവർക്കെതിരെ ഐപിസി സെക്ഷൻ 171 സി, 186, 505 (1) (സി), ജനപ്രാതിനിധ്യ നിയമത്തിലെ 132 എന്നീ വകുപ്പുകൾ പ്രകാരം മലക്‌പേട്ട് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എഐഎംഐ എം തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമർശം നടത്തിയ മഹാരാഷ്ട്ര അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ നവ്നീത് സിങ് റാണയാണ് തോറ്റമ്പിയ മറ്റൊരാൾ. മണ്ഡലത്തിൽ കോൺഗ്രസിന്റെ ബൽവന്ത് ബസ്വന്ത് വാങ്കഡെയാണ് വിജയിച്ചത്. 19,731 വോട്ടുകൾക്കാണ് ബൽവന്ത് വാങ്കഡെ നവ്‌നീത് റാണയെ പരാജയപ്പെടുത്തിയത്. ബൽവന്ത് 5,26,271 വോട്ടുകൾ നേടിയപ്പോൾ നവ്‌നീതിന്റെ വോട്ടെണ്ണം 5,06,540ൽ ഒതുങ്ങി.

കോൺ​ഗ്രസിന് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ വിവാദ പരാമർശം. കോൺ​ഗ്രസിന് വോട്ട് ചെയ്താൽ ആ വോട്ടുകൾ നേരിട്ട് പാകിസ്താനിലേക്ക് പോവുമെന്നായിരുന്നു കൗറിന്റെ വാദം. 'പാകിസ്താന് എഐഎംഐഎമ്മിനോടും രാഹുലിനോടും സ്നേഹമാണ്. പാകിസ്താനിൽ നിന്നുള്ള സിഗ്നലുകൾ അനുസരിച്ച് രാജ്യം ഭരിച്ച കോൺഗ്രസിനെ പോലെ. ഹൈദരാബാദ് പാകിസ്താനായി മാറുന്നത് ബിജെപി സ്ഥാനാർഥി മാധവി ലത തടയും'- എന്നും നവ്നീത് പറഞ്ഞിരുന്നു. പരാമർശത്തിൽ നവ്നീത് റാണയ്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

പഞ്ചാബില്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയ ഹന്‍സ് രാജ് ഹന്‍സാണ് പരാജയപ്പെട്ട മറ്റൊരു ബിജെപി സ്ഥാനാർഥി. പത്മശ്രീ പുരസ്കാര ജേതാവായ ഇയാൾ ഫരീദ്കോട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് വീണു. സ്വതന്ത്ര സ്ഥാനാർഥിയായ സരബ്ജീത് സിങ് ഖൽസയാണ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ആം ആദ്മി പാർട്ടിയുടെ കരംജിത് സിങ് അൻമോൽ ആണ് രണ്ടാമതെത്തിയത്. 2,98,062 വോട്ടുകൾ നേടിയ സ്വതന്ത്ര സ്ഥാനാർഥി 70,053 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഭീഷണിക്കെതിരായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പരാതിയിൽ ഹൻസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഹന്‍സ് കര്‍ഷകരെ ഭീഷണിപ്പെടുത്തിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തന്നെ എതിര്‍ക്കുന്നവരെ ജൂണ്‍ ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പുറമെ ഹന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടിയും കമ്മീഷന് പരാതി നല്‍കിയിരുന്നു. ഹന്‍സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാനിയമവും ലംഘിച്ചെന്ന് ആപ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കാലത്തെ പ്രധാനമന്ത്രി ആദ്യ വിദ്വേഷ പ്രസം​ഗം നടത്തിയ രാജസ്ഥാനിലെ ബൻസ്വാരയിലും ബിജെപി വമ്പൻ തോൽവിയേറ്റുവാങ്ങിയിരുന്നു. രാജസ്ഥാനിൽ ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ബൻസ്വാര. ഇവിടെ ബിജെപി നേതാവ് മഹേന്ദ്രജിത് സിങ് മാളവ്യയെ പ്രാദേശിക പാർട്ടിയായ ഭാരത് ആദിവാസി പാർട്ടിയുടെ യുവനേതാവ് രാജ്കുമാർ റാവത്ത് ആണ് തറപറ്റിച്ചത്. അതും രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിന്‍വലിച്ച് രാജ്കുമാറിനെ പിന്തുണയ്ക്കുകയായിരുന്നു ഇവിടെ കോൺഗ്രസ്. 8,20,831 വോട്ടാണ് രാജ്കുമാർ നേടിയത്. മഹേന്ദ്രജിത് സിങ്ങിനെതിരെ 2,47,054 വോട്ടിന്റെ ഭൂരിപക്ഷം. 5,73,777 വോട്ടാണ് ബിജെപി സ്ഥാനാർഥിക്ക് ഇത്തവണ ലഭിച്ചത്.

എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം. എൻഡിഎ 350ലേറെ സീറ്റുകൾ നേടുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. എന്നാൽ 300 സീറ്റുകൾ പോലും നേടാൻ മുന്നണിക്കായില്ല. 292 സീറ്റുകളാണ് നേടിയത്. മറുവശത്ത് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിയത്. 100-180 സീറ്റുകൾ വരെ നേടുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ 234 സീറ്റുകളാണ് മുന്നണി നേടിയത്. കോൺ​ഗ്രസ് ഒറ്റയ്ക്ക് 100 സീറ്റുകളും സ്വന്തമാക്കി.


Read Also'കോൺ​ഗ്രസിന് വോട്ട് ചെയ്താൽ അത് പോവുക പാകിസ്താന്'; വിവാദ പരാമർശത്തിൽ ബിജെപി എം.പിക്കെതിരെ കേസ്




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News