പീഡനശ്രമം തടഞ്ഞ 18കാരിയുടെ തലയോട്ടി തകര്‍ത്തു; കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റില്‍
മലകറുമായി വിവാഹം നടക്കാനിരിക്കെയാണ് ആക്രമണം
മുംബൈ: കാമുകിയായ 18കാരിയെ ആക്രമിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് സിനിമ കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ ദീപക് മലകറാണ് (26)അറസ്റ്റിലായത്.
ആഗസ്ത് 11നാണ് സംഭവം നടന്നത്. പീഡന ശ്രമം തടുത്ത പെണ്‍കുട്ടിയുടെ തലയോട്ടി ഇയാള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. മലകറുമായി വിവാഹം നടക്കാനിരിക്കെയാണ് ആക്രമണം. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടി മലകറിനെ പരിചയപ്പെടുന്നത്. രണ്ടു മാസം മുന്‍പാണ് വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലകര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചത്. അവര്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി അതു നിരസിക്കുകയായിരുന്നു. വിവാഹത്തിന് മുന്‍പ് പഠനം പൂര്‍ത്തിയാക്കി ബോളിവുഡില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
വെള്ളിയാഴ്ച പെണ്‍കുട്ടിയെ വെർസോവയിലെ സുഹൃത്തിന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി അവിടെവച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ അവളുടെ തല ചുമരിൽ ഇടിക്കുകയും അവളുടെ മുഖത്ത് ഇടിക്കുകയും ചെയ്തു. പെണ്‍കുട്ടി ബോധരഹിതയായി വീണപ്പോള്‍ മരിച്ചുവെന്ന് കരുതി ദീപക് നഗരം വിടുകയായിരുന്നു. മാലകർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതിന് ശേഷം പെണ്‍കുട്ടി ബോധം വീണ്ടെടുക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. അയൽവാസികൾ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഐസിയുവിൽ പ്രവേശിപ്പി പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
അതിനിടെ, സൂറത്തിലെ പ്രാദേശിക ഫോൺ ബൂത്തുകളിൽ നിന്ന് ദീപകിന്‍റെ സുഹൃത്തുക്കൾക്ക് ഫോണ്‍കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഫോണ്‍ ട്രാക്ക് ചെയ്തു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിനെ തുടർന്നാണ് ഇയാൾ തിങ്കളാഴ്ച സൂറത്തിൽ നിന്ന് അറസ്റ്റിലായത്.