സബ നഖ്‌വിക്കും മുഹമ്മദ് സുബൈറിനുമെതിരായ അന്വേഷണം അവസാനിപ്പിക്കണം: സി.പി.ജെ

ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് ഇരുവര്‍ക്കുമെതിരായ നടപടിയെന്ന് സി.പി.ജെ

Update: 2022-06-17 02:29 GMT
Advertising

ഡല്‍ഹി: മാധ്യമപ്രവർത്തകരായ സബ നഖ്‌വിക്കും മുഹമ്മദ് സുബൈറിനും എതിരായ അന്വേഷണം ഉടന്‍ അവസാനിപ്പിക്കണമെന്ന് സി.പി.ജെ (കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സ്). സ്വതന്ത്രമായി പ്രവർത്തിക്കാൻ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണം. ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് ഇരുവര്‍ക്കുമെതിരായ നടപടിയെന്നും സി.പി.ജെ ചൂണ്ടിക്കാട്ടി.

വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനായ സുബൈറിനെതിരെ ഉത്തർപ്രദേശിലെ സീതാപൂർ പൊലീസാണ് അന്വേഷണം തുടങ്ങിയത്. ജൂണ്‍ 3നായിരുന്നു ഇത്. മൂന്ന് ഹിന്ദുത്വ നേതാക്കളെ വിദ്വേഷം പരത്തുന്നവര്‍ എന്ന് വിളിച്ചതിനാണ് നടപടി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ സബ നഖ്‍വിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത് ജൂണ്‍ 8നാണ്. ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച ട്വീറ്റിന്‍റെ പേരിലാണ് സബ നഖ്‍വിക്കെതിരായ അന്വേഷണം. എംപിമാര്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവെച്ചതും എകണോമിക് ടൈംസ് എന്ന പത്രം പുന:പ്രസിദ്ധീകരിച്ചതുമായ ആക്ഷേപഹാസ്യ ട്വീറ്റിന്‍റെ പേരിലാണ് സബ നഖ്‍വിക്കെതിരെ മാത്രം അന്വേഷണം നടത്തുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പേരില്‍ സബ നഖ്‍വിക്കെതിരെ നടക്കുന്ന രണ്ടാമത്തെ അന്വേഷണമാണിത്. സുബൈറിനെതിരായ അഞ്ചാമത്തെയും. വിഭാഗീയ രാഷ്ട്രീയത്തെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് സി.പി.ജെയുടെ ഏഷ്യാ പ്രോഗ്രാം കോർഡിനേറ്റർ സ്റ്റീവൻ ബട്ട്‌ലർ പറഞ്ഞു- "മുഹമ്മദ് സുബൈറിനും സബ നഖ്‍വിക്കുമെതിരെയുള്ള അന്വേഷണത്തിന് കാരണം അവരുടെ മുസ്‍ലിം സ്വത്വവും മാധ്യപ്രവര്‍ത്തകര്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളുമാണ്".

രാഷ്ട്രീയ ഹിന്ദു ഷേർ സേനയുടെ നേതാവായ ഭഗ്‍വാൻ ശരൺ ആണ് സുബൈറിനെതിരെ പരാതി നൽകിയത്. അന്വേഷണം അവസാനിപ്പിക്കണമെന്ന സുബൈറിന്റെ അപേക്ഷ അലഹബാദ് ഹൈക്കോടതി നിരസിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻ യൂണിറ്റാണ് സബ നഖ്‌വിക്കെതിരെ പരാതി നൽകിയത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News