ഹരിയാനയിൽ 31 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; വിനേഷ് ഫോഗട്ട് ജുലാനയിൽ ജനവിധി തേടും

ബജ്‌രംഗ്‌ പുനിയ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാൻ

Update: 2024-09-06 17:19 GMT
Advertising

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ ​പ്രഖ്യാപിച്ച് കോൺഗ്രസ്. 31 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഹരിയാന പിസിസി പ്രസിഡന്റ് ഉദയ് ഭൻ ഹോഡൽ സീറ്റിലും ഭൂപീന്ദർ സിങ് ഹൂഡ ഗർഹി സാംപ്ല-കിലോയി മണ്ഡലത്തിലും മത്സരിക്കും.

ജുലാന മണ്ഡലത്തിൽനിന്ന് അന്താരാഷ്ട്ര ഗുസ്തി താരം വിനേഷ് ഫോഗട്ട് ജനവിധി തേടും. ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബറിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകുന്നേരമാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ്‌ പുനിയയും കോൺഗ്രസിൽ ചേർന്നത്.

ബജ്‌രംഗ്‌ പുനിയയെ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാനായി നിയമിച്ചു. കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് നിയമനം. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇരുവരും റെയിൽവേയിലെ ജോലി രാജിവെച്ചു.

ഇത് കോൺഗ്രസിന് അഭിമാനകരമായ നിമിഷമാണെന്ന് കെ.സി വേണു​ഗോപാൽ പറഞ്ഞു. തങ്ങളുടെ പോരാട്ടം തുടരുമെന്നും സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. കോൺഗ്രസിനെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുമെന്ന് ബജ്‍രംഗ് പുനിയയും പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News