‘ഐസിഐസിഐയിൽനിന്ന് 16.80 കോടി കൈപ്പറ്റി’; സെബി അധ്യക്ഷക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

മാധബി ബുച് ഇന്ത്യൻ മധ്യവർഗത്തെ വഞ്ചിക്കുകയാണെന്ന് കോൺ​ഗ്രസ്

Update: 2024-09-02 15:21 GMT
Advertising

ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൻ മാധബി ബുച്ചിനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ്. സെബിയിൽ പൂർണ അംഗമായ ശേഷവും ഐസിഐസിഐ ബാങ്കിൽനിന്ന് പ്രതിഫലം കൈപ്പറ്റിയെന്നാണ് ആരോപണം. വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട ഷെൽ കമ്പനികളിൽ മാധബി ബുച്ചിനും ഭർത്താവിനും ഓഹരികളുണ്ടെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നത്.

2017 ഏപ്രിൽ അഞ്ച് മുതൽ 2021 ഒക്ടോബർ നാല് വരെ മാധബി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമായിരുന്നു. 2022 മാർച്ച് രണ്ടിന് ഇവർ സെബി അധ്യക്ഷയായി ചുമതലയേൽക്കുകയും ചെയ്തു. സെബി അംഗമായ ശേഷവും 2017 മുതൽ ഐസിഐസിഐ ബാങ്കിൽനിന്ന് 16.80 കോടി രൂപ ശമ്പളമായും വരുമാനമായും ലഭിച്ചതായി കോൺ​ഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഈ തുക അവർക്ക് സെബിയിൽനിന്ന് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി അധികമാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സെബിയിൽനിന്ന് അവർക്ക് ലഭിച്ചത് 3.30 കോടി രൂപയാണ്.

സെബിയുടെ അംഗമാകുകയും പിന്നീട് അധ്യക്ഷയാവുകയും ചെയ്ത അവർ ഐസിഐസിഐയിൽനിന്ന് വരുമാനം നേടുക മത്രമല്ല ചെയ്തത്, ഐസിഐസിഐക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരായ പരാതികളിൽ തീർപ്പ് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സെബിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

സെബി ചെയർപേഴ്സൻ ഇന്ത്യൻ മധ്യവർഗത്തെ വഞ്ചിക്കുകയാണെന്ന് കോൺ​ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. ‘ഇന്ത്യൻ മധ്യവർഗം അധ്വാനിച്ചുണ്ടാക്കിയ പണം സംരക്ഷിക്കാനാണ് സെബിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിത ഭാവി പ്രതീക്ഷിച്ച് ഓരോ പൈസയും അവർ കഷ്ടപ്പെട്ടാണ് സ്വരൂപിക്കുന്നത്. ജനങ്ങൾ സെബിയിൽ വിശ്വാസമർപ്പിക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച സെബി ചെയർപേഴ്സൻ നമ്മെ വഞ്ചിക്കുന്നതായാണ് തോന്നുന്നത്’ -പവൻ ഖേര കുറ്റപ്പെടുത്തി. സെബിയുടെ മുഴുവൻ സമയ അംഗമായിരിക്കെ ഐസിഐസിഐ ബാങ്കിൽനിന്ന് ശമ്പളം വാങ്ങുന്നത് 2001​ലെ സെബി എംപ്ലോയീസ് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

സെബി ചെയർപോഴ്സന്റെ താൽപ്പര്യ വൈരുദ്ധ്യത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയർന്നിട്ടുള്ളതെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഈ ചോദ്യങ്ങളെ സർക്കാർ അവഗണിക്കുകയാണ്. തന്റെ മൗനത്തിലൂടെ ​പ്രധാനമന്ത്രി സെബി അധ്യക്ഷക്ക് സംരക്ഷണം നൽകുന്നു. സെബി അംഗങ്ങളെ നിയമിച്ച കമ്മിറ്റിയുടെ തലവനായ മോദി ചോദ്യങ്ങൾക്ക് മറുപടി നൽകണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദെ കാബിനറ്റ് ​സെബി അധ്യക്ഷക്കെതിരായ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? അതോ കമ്മിറ്റിയുടെ തീരുമാനങ്ങൾ പൂർണമായും പ്രധാനമന്ത്രിക്ക് വിട്ടിരിക്കുകയാണോ? -ജയറാം രമേശ് ചോദിച്ചു.

അതേസമയം, കോൺഗ്രസ് ആരോപണം ഐസിഐസിഐ നിഷേധിച്ചു. 2013ൽ മാധബി ബുച് വിരമിച്ചശേഷം ശമ്പളം നൽകിയിട്ടില്ല. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മാത്രമാണ് നൽകിയതെന്നും ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. 

മാധബി ബുച്ചിനും ഭർത്താവിനുമെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇരുവർക്കും മൗറീഷ്യസിലും ബർമുഡയിലും ഒരു കോടി ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തൽ. എന്നാൽ, ഈ ആരോപണം മാധബി ബുച്ച് തള്ളിയിരുന്നു. തങ്ങളുടെ എല്ലാ നിക്ഷേപങ്ങും സെബിയെ അറിയിച്ചിട്ടുണ്ട്. ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനുള്ള പ്രതികാരമാണിത്. തങ്ങ​ളെ വ്യക്തിഹത്യ നടത്തുകയാണ് ഹിൻഡൻബെർഗ്. ആരോണപങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണ്. തങ്ങളുടെ സാമ്പത്തികം തുറന്നപുസ്തകമാണെന്നും പ്രസ്താവനയിൽ ഇവർ പറഞ്ഞു.

എന്നാൽ, ഇതിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഹിൻഡൻബർഗ് ‌രം​ഗത്തെത്തി. സെബി അംഗമായപ്പോൾ മാധബി ബുച്ച് ഭർത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂർ കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യൻ കമ്പനിയുടെ ഓഹരികൾ അവർ നിലനിർത്തിയെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News