'24, അക്ബർ റോഡ്; കോൺഗ്രസിന്റെ വാഴ്ചക്കും വീഴ്ചക്കും സാക്ഷിയായ മേൽവിലാസം മാറുന്നു, ഇനി '9എ കോട്ല മാർഗ് റോഡ്, ഇന്ദിരാ ഭവൻ'
1978ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ 24, അക്ബർ റോഡിലേക്ക് കോണ്‍ഗ്രസ് മാറുന്നത്.
ന്യൂഡല്‍ഹി: ദീർഘകാലചരിത്രം നിറഞ്ഞ സെന്‍ട്രല്‍ ഡല്‍ഹി അക്ബർ റോഡിലെ 24ാം നമ്പർ മന്ദിരത്തിൽ നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്ക് ആസ്ഥാനം മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക തടസങ്ങൾ നീങ്ങിയതോടെയാണ് കോണ്‍ഗ്രസ് പുതിയ വിലാസത്തിലേക്ക് മാറുന്നത്. ഈ മാസം 15നാണ് ഉദ്ഘാടനം. ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത്.
ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ് അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനം അക്ബര്‍ റോഡിലേതായിരുന്നു. 1980ൽ ഇന്ദിരാഗാന്ധിയുടെ വിജയകരമായ തിരിച്ചുവരവ്, അവരുടെ കൊലപാതകം, 1984ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റത്, അഞ്ച് വർഷത്തിന് ശേഷം കോൺഗ്രസിന്റെ പരാജയം, പി.വി നരസിംഹ റാവുവിന്റെ കാലം, സോണിയാ ഗാന്ധിയുടെ സ്ഥാനാരോഹണം, മന്‍മോഹന്‍ സിങിന്റെ യുപിഎ ഭരണം, കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങി പാര്‍ട്ടിയുടെ ഉയര്‍ച്ചതാഴ്ചകള്‍ക്ക് ഏറെ കണ്ടിട്ടുണ്ട് അക്ബര്‍ റോഡിലെ ആസ്ഥാനം.
2009 ഡിസംബറിൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയും സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയുമായ സമയത്താണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. എന്നാൽ കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാക്കാൻ പാർട്ടിക്ക് 15 വർഷമെടുത്തു. സോണിയാ ഗാന്ധിയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും ചടങ്ങിന് എത്തും. രാജ്യത്തുടനീളമുള്ള പാർട്ടിയുടെ 400ലധികം പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1978ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ 24, അക്ബർ റോഡിലേക്ക് കോണ്‍ഗ്രസ് മാറുന്നത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വര്‍ഷമായിരുന്നു 1978ലേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിര പരാജയപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായതും അന്നായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പിളര്‍ന്നു. ഇതോടെ ഇന്ദിരാഗാന്ധിക്ക് ഓഫീസ് ഇല്ലാതെയായി.
അപ്പോഴാണ് എംപിയായ ഗദ്ദാം വെങ്കിടസ്വാമി, 24 അക്ബർ റോഡിൽ തന്റെ ഔദ്യോഗിക വസതി പാർട്ടിക്ക് വാഗ്ദാനം ചെയ്തത്. പിന്നാലെയാണ് ഇത് കോണ്‍ഗ്രസിന്റെ ആസ്ഥാനമായി അറിയപ്പെടുന്നത്. അതിനു മുൻപ് ജന്തർമന്തർ റോഡിലായിരുന്നു കോൺഗ്രസിന്റെ ആസ്ഥാനം.
ആറ് നിലകളിലായാണ് പുതിയ ഓഫിസ് മന്ദിരം. എഐസിസി ഭാരവാഹികൾക്കായുള്ള ഓഫിസുകൾക്കു പുറമേ, കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോൺഗ്രസിലെ പോഷക സംഘടനകൾക്കുള്ള ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബിജെപി ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ദീൻ ദയാൽ ഉപാധ്യായ മാർഗ് അടുത്തുണ്ടെങ്കിലും കോട്‌ല മാർഗ് 9എ എന്ന വിലാസമാണ് കോൺഗ്രസ് സ്വീകരിക്കുക.