മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു; ഷിൻഡേയും, അജിത് പവാറും ഉപമുഖ്യമന്ത്രിമാർ

മൂന്നാം തവണയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നത്

Update: 2024-12-05 12:46 GMT
Advertising

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയാകുന്നത്. ഏക്നാഥ് ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കമുള്ള എൻഡിഎ നേതാക്കൾ പങ്കെടുത്തു. നാൽപ്പതിനായിരത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഏക്നാഥ് ഷിൻഡേ ആദ്യഘട്ടം മുതൽ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേന്ദ്രനേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. വകുപ്പ് വിഭജന സമയത്തും ഷിൻഡേ വാശി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബിജെപി അതിനൊന്നും വഴങ്ങിയില്ല. ഒടുവിൽ ഉപമുഖ്യമന്ത്രിപദം നൽകി ബിജെപി അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. 

മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ചരിത്രവിജയം നേടിയെങ്കിലും 11 ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായത്. നിയമസഭാ തംരഞ്ഞെടുപ്പിൽ 288ൽ 230 സീറ്റുകൾ നേടിയാണ് ഭരണ സഖ്യം തൂത്തുവാരിയത്. 132 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും യഥാക്രമം 57, 41 സീറ്റുകൾ നേടിയിരുന്നു. 

വകുപ്പ് വിഭജനത്തിന്റെ കാര്യത്തിൽ അടക്കം അന്തിമ തീരുമാനം ഉണ്ടാവുക അമിത്ഷായുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിനൊടുവിൽ ആയിരിക്കും. ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ, വ്യവസായികളായ ഗൗതം അദാനി,മുകേഷ് അംബാനി, ഉൾപ്പെടെയുള്ളവരും മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖരും സത്യപ്രതിജ്ഞ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News