മുസ്‍ലിം പെണ്‍കുട്ടികളുടെ വിവാഹം: പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി അടിസ്ഥാനമാക്കരുതെന്ന് സുപ്രിംകോടതി

പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി

Update: 2023-01-13 11:00 GMT
Advertising

ഡല്‍ഹി: മുസ്‍ലിം വ്യക്തിനിയമ പ്രകാരം 15 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി ആധാരമാക്കി മറ്റ് കേസുകളിൽ ഉത്തരവ് ഇറക്കരുതെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. അതേസമയം ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടില്ല.

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമ പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 18 വയസ്സ് പൂര്‍ത്തിയാവണം. പോക്സോ കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യക്തിനിയമം ഉപയോഗിക്കുന്നുവെന്ന് ബാലാവകാശ കമ്മിഷനുവേണ്ടി ഹാജരായ തുഷാര്‍ മേത്ത വാദിച്ചു. 14, 15, 16 വയസ്സുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നുവെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വിഷയത്തിൽ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നൽകാനും സമാനമായ മറ്റ് ഹൈക്കോടതി വിധികൾക്കെതിരെ ബാലാവകാശ കമ്മീഷന്‍ സമർപ്പിച്ച ഹരജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ ബെഞ്ച് സമ്മതിച്ചു.

എന്നാല്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി സ്റ്റേ ചെയ്തില്ല. ഈ കേസില്‍ വിധി സ്‌റ്റേ ചെയ്‌താൽ പെൺകുട്ടിയെ അവളുടെ ആഗ്രഹത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

പത്താന്‍കോട്ട് സ്വദേശിയായ 26കാരന്‍ ജാവേദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 16കാരിയായ തന്‍റെ ഭാര്യയെ അവളുടെ സമ്മതമില്ലാതെ ചില്‍ഡ്രണ്‍സ് ഹോമിലേക്ക് മാറ്റി എന്നായിരുന്നു ജാവേദിന്‍റെ വാദം. ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മുസ്‍ലിം വ്യക്തിനിയമ പ്രകാരം ഈ വിവാഹം സാധുവാണെന്നും ഹൈക്കോടതി വിധിക്കുകയായിരുന്നു.

Summary- The Supreme Court on Friday stated that the judgment of the Punjab and Haryana High Court in the case Javed v. State of Haryana and Others, which held that a Muslim girl aged 15 years can enter into a legal and valid marriage as per personal law, should not be relied upon as a precedent in any other case.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News