വിരമിച്ചാൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
വിരമിക്കുന്നതിന് മുമ്പ് മനസ്സ് ശാന്തമാക്കാൻ നാല് മാസം ഹിമാലയത്തിൽ ധ്യാനത്തിന് പോകുമെന്നും രാജീവ് കുമാർ പറഞ്ഞു.
ന്യൂഡൽഹി: പദവിയിൽനിന്ന് വിരമിച്ചാൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. അതിന് മുമ്പ് മനസ്സ് ശാന്തമാക്കാൻ നാല് മാസം ഹിമാലയത്തിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിഷി മർലേനക്കെതിരെ രമേശ് ബിധൂഡി നടത്തിയ അധിക്ഷേപ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ അത്തരം പരാമർശങ്ങൾ ഒരിക്കലും നടത്താൻ പാടില്ല എന്നായിരുന്നു രാജീവ് കുമാറിന്റെ പ്രതികരണം. ഇത് ഒരിക്കലും അനുവദിക്കില്ല. ഇന്നത്തെ കാലത്തും ഇത്തരം പ്രസ്താവനകൾ തുടരുന്നത് നാണക്കേടാണ്. സൗജന്യ വാഗ്ദാനങ്ങൾക്ക് തടയിടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയില്ല.
കേന്ദ്ര ബജറ്റിൽ ഡൽഹിക്ക് വേണ്ടിയുള്ള പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാവാൻ പാടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് ഇന്ന് തന്നെ കത്ത് നൽകും. പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ. ജനുവരി 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.