ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്, വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന്
തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി പത്തിന്
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. ഫലപ്രഖ്യാപനം എട്ടിന്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ജനുവരി പത്തിന് പ്രഖ്യാപിക്കും. പത്രിക നൽകാനുള്ള അവസാന ദിനം 17 ആണ്. 18ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 20നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിച്ചത്.
ഈ വർഷത്തെ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണ് ഡൽഹിയിലേത്. പ്രധാന മണ്ഡലങ്ങലായ നൂഡൽഹിയിലും, ജങ്പുരയിലും, കൽക്കാജിയിലുമാണ് പ്രമുഖ സ്ഥാനാർഥികൾ മത്സരിക്കുന്നത്.
ന്യൂഡൽഹി മണ്ഡലത്തിൽ എഎപിക്കായി അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനായി സന്ദീപ് ദീക്ഷിത്, ബിജെപിക്കായി പർവേഷ് വർമ എന്നിവർ മത്സരിക്കും. ജങ്പുരയിൽ എഎപിക്കായി മനീഷ് സിസോദിയ, കോൺഗ്രസിനായി ഫർഹദ് സൂരി, ബിജെപിക്കായി തർവീന്ദർ സിങ് മർവ എന്നിവരാണ് മത്സരിക്കുന്നത്. കൽക്കാജി മണ്ഡലത്തിൽ എഎപിക്കായി നിലവിലെ മുഖ്യമന്ത്രി അതിഷി മർലേജ കോൺഗ്രസിനായി അൽക്ക ലാംബ, ബിജെപിക്കായി രമേശ് ബിദൂഡി എന്നിവരും മത്സരിക്കും.
70 സീറ്റുകളാണ് ഡൽഹിയിലുള്ളത് ഇതിൽ 12 എണ്ണം പട്ടികജാതി സംവരണ സീറ്റാണ്, ബാക്കിയുള്ള 58 എണ്ണം ജനറൽ സീറ്റുകളാണ്.
ഡൽഹിയിലെ ആകെ വോട്ടർമാരുടെ എണ്ണം 1.55 കോടി ആണ്, ഇതിൽ 83,49,645 പേർ പുരുഷൻമാരും 71,73,952 പേർ സ്ത്രീകളുമാണ്. 1261 ഭിന്നലിംഗക്കാരും വോട്ട് ചെയ്യുന്നുണ്ട്. 2.08 കന്നി വോട്ടർമാരാണ് ആകെ ഡൽഹിയിലുള്ളത്. 1.09 ലക്ഷം വോട്ടർമാർ 85 വയസിന് മുകളിലുള്ളവരാണ്. സ്ഥാനാർഥികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്.
ആകെ 13,033 പോളിങ് സ്‌റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.
യുപി, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടക്കും.
വാർത്ത കാണാം...