നാടകാന്തം ഷിൻഡെ, ഞെട്ടിച്ച് ട്വിസ്റ്റ്; എന്തുകൊണ്ട് ഫഡ്‌നാവിസ് 'പുറത്ത്'?
മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേന അടക്കിവാഴുന്ന മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് അഡ്രസ് ഉണ്ടാക്കിക്കൊടുക്കുക മാത്രമായിരുന്നില്ല ഫഡ്‌നാവിസ് ചെയ്തത്. ശിവസേനയ്ക്കും മുകളിൽ വലിയൊരു രാഷ്ട്രീയ, അധികാര ശക്തിയായി സംസ്ഥാനത്ത് ബി.ജെ.പിയെ അദ്ദേഹം വളർത്തി
മുംബൈ: ഉദ്ദവ് താക്കറെയുടെ രാജിക്കു പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിടത്തുനിന്ന് അവസാന നിമിഷം ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. രണ്ടര വർഷം നീണ്ട മഹാവികാസ് അഗാഡി ഭരണത്തിന് അന്ത്യം കുറിച്ച് നടന്ന രാഷ്ട്രീയ നാടകങ്ങൾക്ക് നേതൃത്വം നൽകിയ ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി അവതരിപ്പിച്ച് ബി.ജെ.പി വീണ്ടും രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നു.
ഫഡ്‌നാവിസ് വീണ്ടും മഹാരാഷ്ട്രാ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തും, ഫഡ്‌നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം സുപ്രധാന പദവികൾ നൽകി ഷിൻഡെയെയും വിമത ശിവസേനാ എം.എൽ.എമാരെയും കൂടെനിർത്തിയാകും ബി.ജെ.പി ഓപറേഷൻ എന്നായിരുന്നു അവസാന നിമിഷംവരെ എല്ലാവരും ഉറപ്പിച്ചിരുന്നത്. വൈകീട്ട് നാലു മണിയോടെയാണ് ഫഡ്‌നാവിസും ഷിൻഡെയും ചേർന്ന് മഹാരാഷ്ട്രാ ഗവർണർ ഭഗത് സിങ് കോശ്യാരിയെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചത്.
എന്നാൽ, ഗവർണറെ കണ്ട് പുറത്തിറങ്ങിയപ്പോൾ തിരക്കഥയിൽ ട്വിസ്റ്റുണ്ടാകുന്നതാണ് കണ്ടത്. ഷിൻഡെയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഫഡ്‌നാവിസ് തന്നെയായിരുന്നു ആ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയാകില്ലെന്നു മാത്രമല്ല, മന്ത്രിസഭയിൽ തന്നെ താനുണ്ടാകില്ലെന്നാണ് ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ മേൽവിലാസം
മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേന അടക്കിവാഴുന്ന മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് അഡ്രസ് ഉണ്ടാക്കിക്കൊടുക്കുക മാത്രമായിരുന്നില്ല ഫഡ്‌നാവിസ് ചെയ്തത്. ശിവസേനയ്ക്കും മുകളിൽ വലിയൊരു രാഷ്ട്രീയ, അധികാര ശക്തിയായി സംസ്ഥാനത്ത് ബി.ജെ.പിയെ അദ്ദേഹം വളർത്തി.
ശക്തമായ ആർ.എസ്.എസ് പശ്ചാത്തലം കൂടിയുള്ള നേതാവാണ് ഫഡ്‌നാവിസ്. 2014ലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേൽക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പാർട്ടിക്കൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത ഫഡ്‌നാവിസ് ബി.ജെ.പി നേതൃത്വത്തിന് അത്രയും പ്രിയപ്പെട്ടയാളായി മാറുക സ്വാഭാവികം. അതിനുള്ള അംഗീകാരമായിരുന്നു 44-ാം വയസിൽ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായുള്ള പാർട്ടി നിയോഗം. അങ്ങനെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയായി ഫഡ്‌നാവിസ്. ശരദ് പവാറാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.
അഞ്ചുവര്‍ഷം ശിവസേനയുടെ കരുത്തരെയെല്ലാം വിശ്വാസത്തിലെടുത്തും ഒന്നിച്ചിരുത്തിയുമായിരുന്നു ഫഡ്‌നാവിസ് സർക്കാരിനെ നയിച്ചത്. ആ ഒരു ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു 2019ല്‍ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും വെറും മൂന്നു ദിവസം മാത്രമായിരുന്നു ആയുസ്സ്. ശരദ് പവാറിന്റെ രാഷ്ട്രീയ കരുനീക്കത്തിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ ഫഡ്‌നാവിസിന് നാണംകെട്ട് താഴെയിറങ്ങേണ്ടിവന്നു. മഹാരാഷ്ട്രയിൽ ശിവസേനയെയും കോൺഗ്രസിനെയും ഒപ്പമിരുത്തി മഹാവികാസ് അഗാഡി എന്ന പേരിൽ ഒരു അസാധാരണ സഖ്യസർക്കാർ പവാറിന്റെ ചടുലമായ രാഷ്ട്രീയനീക്കങ്ങളുടെ സൃഷ്ടിയായി അധികാരമേൽക്കുകയും ചെയ്യുകയായിരുന്നു.
Summary: How Eknath Shinde becomes Maharashtra CM instead of Devendra Fadnavis?