അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

കനത്ത പോരാട്ടം നടന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്

Update: 2022-03-09 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. കനത്ത പോരാട്ടം നടന്ന ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഹിന്ദി ബെൽറ്റിനൊപ്പം തീരദേശ ഭൂമികൂടിയായ ഗോവയും ജനവിധി എഴുതിക്കഴിഞ്ഞു. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ബിജെപിയുടെ ശക്തിദുർഗമായി മാറിയ ഉത്തർപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചാണ് അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി പ്രചരണം നയിച്ചത്. 403 മണ്ഡലങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി.

2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരണം ഉണ്ടായിരുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനം സത്യമായാൽ അഞ്ച് നദികളുടെ നാടിന്‍റെ ഹൃദയം ഇക്കുറി ആം ആദ്മി പാർട്ടിക്ക് ഒപ്പമായിരിക്കും. കൊളോണിയൽ കാലത്തിന്‍റെ പൈതൃകം പേറുന്ന ഗോവ ഇക്കുറി കനത്ത പോരാട്ടത്തിന്‍റെ വേദിയായി മാറിയതും രാജ്യം കണ്ടു. പ്രവചനങ്ങൾ തൂക്കു മന്ത്രിസഭയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എങ്കിലും ഗോവ മോഹിപ്പിക്കുന്നത് കോൺഗ്രസിനെ ആണ്. നാളെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിവിപാറ്റുകളിൽ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളിൽ തന്നെ സൂചനകൾ അറിയാൻ കഴിയും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News