യു.പി പൊലീസെടുത്ത കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം

സുബൈർ രാജ്യത്തെ ദുർബലപ്പെടുത്തുന്ന സിന്‍റിക്കേറ്റിന്‍റെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ കോടതിയില്‍

Update: 2022-07-08 08:16 GMT
Advertising

യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നാണ് കേസ്. അഞ്ചു ദിവസത്തെ ഇടക്കാലജാമ്യമാണ് സുബൈറിന് അനുവദിച്ചത്. ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സുബൈറിന് നിലവില്‍ പുറത്തിറങ്ങാനാവില്ല.

സുബൈർ രാജ്യത്തെ ദുർബലപ്പെടുത്തുന്ന സിന്‍റിക്കേറ്റിന്‍റെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ കോടതിയില്‍ പറഞ്ഞു. നിരന്തരമായ ട്വീറ്റുകൾ രാജ്യത്തെ ദുർബലപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്. സുബൈറിന്റെ ട്വീറ്റുകൾ ക്രമസമാധാനത്തിന് ഭംഗം ഉണ്ടാക്കി. പുറമേ നിന്നുള്ള സാമ്പത്തിക ഇടപാടും റിമാൻഡ് ചെയ്യാൻ കാരണമായെന്ന് ആറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

യുപി പോലീസ് സുബൈറിനെതിരെ എടുത്ത എഫ്.ഐ.ആർ റദ്ദാക്കരുതെന്നു കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. ഡല്‍ഹി വിട്ട് പുറത്തുപോകരുത്, ട്വീറ്റ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. 2018ലെ ട്വീറ്റിന്‍റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News