പിറന്നാൾ ആഘോഷത്തിനിടെ നാലംഗ സംഘം നഗ്നനാക്കി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ചു; മനോവിഷമത്താൽ ജീവനൊടുക്കി ദലിത് ബാലൻ
ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലഖ്നൗ: പിറന്നാൾ ആഘോഷത്തിന് ക്ഷണം സ്വീകരിച്ചെത്തിയ ദലിത് ബാലനെ നഗ്നനാക്കി മർദിച്ച ശേഷം മുഖത്ത് മൂത്രമൊഴിച്ച് നാലംഗ സംഘത്തിന്റെ ക്രൂരത. ഇതിൽ അപമാനിതനായ 17കാരൻ വീട്ടിലെത്തി മനോവിഷമം താങ്ങാനാവാതെ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ക്യാപ്റ്റൻഗഞ്ചിൽ ഈ മാസം 20നായിരുന്നു സംഭവം. മർദനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസിയുടെ വീട്ടിലെ പിറന്നാൾ ആഘോഷത്തിന് കുട്ടി പോയത്. ആഘോഷത്തിനിടെ നാല് പേർ ചേർന്ന് 17കാരനെ നഗ്നനാക്കുകയും ക്രൂരമായി മർദിക്കുകയും ശേഷം മുഖത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീഡിയോ ഡിലീറ്റ് ചെയ്യാൻ കുട്ടി പ്രതികളോട് കേണപേക്ഷിച്ചെങ്കിലും ഇവർ തയാറായില്ലെന്നു മാത്രമല്ല, അവനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും നിലത്ത് തുപ്പിയ ശേഷം അത് നക്കാൻ നിർബന്ധിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞു. മനോവിഷമത്തിലായ 17കാരൻ വീട്ടിൽ തിരിച്ചെത്തി സംഭവം മാതാപിതാക്കളോട് പങ്കുവച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.
പിന്നാലെ, കുട്ടിയുടെ മൃതദേഹവുമായി ക്യാപ്റ്റൻഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം കുറ്റക്കാർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് കേസെടുക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ലെന്ന് ഇവർ പറയുന്നു. ഇതോടെ, കുടുംബം മൃതദേഹവുമായി ബസ്തി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു. മണിക്കൂറുകൾക്ക് ശേഷം കേസെടുത്ത പൊലീസ് കുടുംബത്തിന് നടപടി ഉറപ്പു നൽകുകയും ചെയ്തു.
സംഭവത്തിൽ, പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എന്നാൽ മുൻ വൈരാഗ്യമുണ്ടെന്ന് സംശയിക്കുന്നതായും കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും ബസ്തി ഡിഎസ്പി പ്രദീപ് കുമാർ ത്രിപാഠി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാത്തതിന് ക്യാപ്റ്റൻഗഞ്ച് എസ്എച്ച്ഒ ദീപക് കുമാർ ദുബെയെ സസ്‌പെൻഡ് ചെയ്തതായും ഇയാൾക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് കൃഷ്ണ ഗോപാൽ ചൗധരി പറഞ്ഞു.