ജയ്പൂർ ഗ്യാസ് ടാങ്കർ അപകടം; ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിനിടയാക്കിയതെന്ന് പൊലീസ്

14 പേർ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2024-12-24 11:00 GMT
Advertising

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ 14 പേരുടെ മരണത്തിനിടയാക്കിയ ഗ്യാസ് ടാങ്കറിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മഥുര സ്വദേശിയായ ജയ്‌വീറാണ് പിടിയിലായത്.

ജയ്‌പൂർ -അജ്‌മീർ ഹൈവെയിൽ കഴിഞ്ഞ 20 ന് പുലർച്ചെ അഞ്ചരക്കായിരുന്നു അപകടം. അപകടം നടന്നയുടനെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ജയ്പൂർ- അജ്മീർ ഹൈവേയിൽ യു ടേൺ എടുക്കാൻ ശ്രമിക്കവേ, എതിരെ വന്ന ലോറി ടാങ്കറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ നോസിലുകളും സുരക്ഷാ വാൽവുകളും പൊട്ടി വാതകം ചോർന്നു. തൊട്ടുപിന്നാലെയാണ് ടാങ്കർ ലോറിയടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയായത്. വാഹനങ്ങളിലുണ്ടായിരുന്ന 14 ആളുകളാണ് വെന്തു മരിച്ചത്. 23 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ ഡ്രൈവർ ഓടിയകന്നത് സംഭവത്തിന്റെ ആഘാതം കൂട്ടി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി അറിയുന്നവരും പരിശീലനം നേടിയവരുമാണ്. ആ സാഹചര്യത്തിൽ ഡ്രൈവർ ഇറങ്ങിയോടിയത് തെറ്റാ​ണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന സ്ഥലം അപകട സാധ്യതാ മേഖലയാണെന്നാണ് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നത്. റോഡിന്റെ യു ടേൺ ഭാഗം വീതി കുറഞ്ഞതാണെന്നും അവിടെ ഹൈമാസ്റ്റ് ലൈറ്റ് സംവിധാനം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News