ഗോവയില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി നേട്ടമാക്കി മാറ്റാന്‍ എ.എ.പി നീക്കം
ബി.ജെ.പിയുടെ ബി ടീമാണ് കോൺഗ്രസ് എന്നാണ് പ്രചാരണം
പനാജി: ഗോവ കോൺഗ്രസിലെ ആഭ്യന്തര കലഹത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി. ബി.ജെ.പിയുടെ ബി ടീമാണ് കോൺഗ്രസ് എന്നാണ് പ്രചാരണം. അതേസമയം നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പുതിയ നേതൃത്വത്തിന് കീഴിൽ സഭയിൽ എത്താനാണ് കോൺഗ്രസിന്റെ നീക്കം.
കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി മൽസരിച്ച് ജയിച്ചവർ ബി.ജെ.പിയിലേക്ക് പോകും എന്ന ആരോപണമാണ് ഗോവയിലും ആം ആദ്മി പാർട്ടി ഉന്നയിക്കുന്നത്. ഇതിനായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പണ്ട് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങളും എ.എ.പി അനുകൂല ഹാൻഡിലുകൾ ഗോവയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെ ബി ടീം എന്നാണ് ആം ആദ്മി പാർട്ടി കോൺഗ്രസിനെ പരിഹസിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിലെ പ്രശ്നങ്ങൾ തങ്ങൾക്ക് നേട്ടമാക്കി മാറ്റാനും ആം ആദ്മി പാർട്ടി ശ്രമിക്കുന്നുണ്ട്.
വിമത സ്വരം ഉയർത്തിയതിന് നടപടി നേരിട്ടേക്കാവുന്ന എം.എൽ.എമാരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കാൻ സംസ്ഥാന ആം ആദ്മി പാർട്ടി നേതൃത്വത്തിന് നിർദേശം ഉണ്ട്. എന്നാൽ വിമത പക്ഷ നേതാക്കളായ മൈക്കിൾ ലോബോയ്ക്കും ദിഗംബർ കമ്മത്തിനും എതിരായ നടപടി മയപ്പെടുത്തേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പുതിയ നേതൃത്വത്തിന്‍റെ കീഴിൽ നിയമസഭയിലേക്ക് കോൺഗ്രസ് എത്തുമ്പോൾ എം.എൽ.എമാരുടെ അംഗസംഖ്യയായ 11ൽ എത്ര പേര്‍ കുറയും എന്നാണ് അറിയാനുള്ളത്.