ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം ഇന്നുതന്നെ
ഡൽഹിയിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം
ഡൽഹി: ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഇന്ന് തന്നെ ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഡൽഹിയിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഷ്‌ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടായെന്ന വിമർശനം സംസ്ഥാനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ തീരുമാനം.
ജിഎസ്‌ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറുമായി നിരന്തരം ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുമെന്ന മന്ത്രിയുടെ നിർണായക തീരുമാനം.
49ആമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടെന്ന് ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആരോപണം ഉന്നയിച്ചത്.
കൂടാതെ ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടുന്നത് സംബന്ധിച്ചുള്ള ചർച്ച ഇന്നുണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു. ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ട്രൈബ്യുണൽ രൂപീകരിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുവാൻ ട്രൈബ്യുണൽ രൂപീകരിക്കാൻ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് കമ്മിറ്റിക്ക് മുൻപാകെ ഉണ്ടെങ്കിലും കാര്യമായ ചർച്ച നടന്നിട്ടില്ലെന്നാണ് വിവരം.