'ജബ് മുല്ലാ കാട്ടേ ജായേഗ... രാം രാം ചിലായേഗ'; മുസ്‌ലിം വിദ്വേഷ മുദ്രാവാക്യങ്ങളുമായി ഉത്തരേന്ത്യയിൽ വീണ്ടും ഹിന്ദുത്വ റാലികൾ

ഹരിയാനയിൽ അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്

Update: 2023-08-03 11:58 GMT
Advertising

ന്യൂഡൽഹി: ഹരിയാനയിലടക്കം സാമുദായിക സംഘർഷം നടക്കുന്നതിനിടെ, മുസ്‌ലിം വിദ്വേഷ മുദ്രാവാക്യങ്ങളുമായി ഉത്തരേന്ത്യയിൽ വീണ്ടും നിരവധി ഹിന്ദുത്വ റാലികൾ. കഴിഞ്ഞ ദിവസം ഹരിയാനയിലെ ജിൻദ്, കുരുക്ഷേത്ര, ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, റൂർക്കി, ഉത്തർപ്രദേശിലെ സഹാറൻപൂർ, പ്രയാഗ്‌രാജ്, ഡൽഹിയിലെ നജഫ്ഗഢ് തുടങ്ങിയവിടങ്ങളിൽ നടന്ന ഹിന്ദുത്വ റാലികളിൽ പ്രകോപന മുദ്രാവാക്യം മുഴക്കുന്ന വീഡിയോകൾ ഹിന്ദുത്വ വാച്ചാണ് ട്വിറ്ററിൽ പങ്കുവെച്ചത്.

ഹരിയാന കലാപത്തിന് പിറകിലുള്ള മോനു മനേസറുടെ ഗുരുവും ഗോ രക്ഷാദൾ ഹരിയാന പ്രസിഡൻറുമായ ആചാര്യ യോഗ്യന്ദ്ര മഹാരാജിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ഏറെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യമാണ് മുഴക്കിയത്. 'ജബ് മുല്ലേ കാട്ടെ ജായേഗ.. രാം രാം ചിലായേഗേ' അഥവാ 'മുസ്‌ലിംകളെ അരിഞ്ഞിടുമ്പോൾ അവർ രാം രാമെന്ന് കരയും' എന്ന് അർത്ഥം വരുന്ന വാക്കുകളാണ് ഹരിയാനയിലെ ജിൻദിൽ നടന്ന പ്രകടനത്തിൽ ഇവർ വിളിച്ചുപറഞ്ഞത്.

'ദേശ് കെ ഗദ്ദാറോൻ കോ, ഗോലി മാറോ സാലോൻ കോ - ദേശദ്രോഹികളെ വെടിവെക്കുക'യെന്ന ആഹ്വാനത്തോടെ ഹരിയാനയിലെ തന്നെ കുരുക്ഷേത്രയിലും ഹിന്ദുത്വർ റോഡിലിറങ്ങി. ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ രണ്ടു ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ആറു പേരാണ് കൊല്ലപ്പെട്ടത്. ജയ്പൂർ- മുംബൈ തീവണ്ടിയിൽ ഹിന്ദുത്വവാദി നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനിടയിലാണ് വീണ്ടും വിദ്വേഷ പ്രകടനം നടക്കുന്നത്.

ഹരിയാനയിൽ അതിക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ നൂഹിലെ മേവാത്തിൽ നൽഹാർ മഹാദേവ് മന്ദിറിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഈ പ്രസംഗത്തിന്റെ വീഡിയോയും ഹിന്ദുത്വ വാച്ച് പുറത്തുവിട്ടിരുന്നു.

ഡൽഹി നജഫ് ഗഢിലും യു.പി പ്രയാഗ്‌രാജിലും നടന്ന ഹിന്ദുത്വ പ്രകടനത്തിലും ദേശദ്രോഹികളെ വെടിവെക്കാനായിരുന്നു ആഹ്വാനം. ഉത്തരാഖണ്ഡിലെ റൂർക്കിയിൽ 'ന മുല്ലോൻ കാ ന ഖാസി കാ, യെ ദേശ് വീർ ശിവാജി കാ' അഥവാ ഈ ദേശം മുല്ലയുടെയും ഖാസിയുടെയുമല്ല, വീര ശിവാജിയുടേതാണെന്നായിരുന്നു ഹിന്ദുത്വ മുദ്രാവാക്യം വിളിച്ചത്. ഡെറാഡൂണിലും സഹാറൻപൂരിൽ വിദ്വേഷം തന്നെയായിരുന്നു ഹിന്ദുത്വരുടെ ആയുധം.

അതിനിടെ, ലവ് ജിഹാദിനെതിരെ പോരാടാനെന്ന പേരിൽ 350 യുവാക്കൾക്ക് രാഷ്ട്രീയ ബജ്രംഗ്ദൾ അസമിൽ പരിശീലനം നൽകുന്ന ചിത്രവും ഹിന്ദുത്വ വാച്ച് ട്വീറ്റ് ചെയ്തു.

അതേസമയം, ഇത്തരത്തിലുള്ള രണ്ട് വീഡിയോകൾ നീക്കം ചെയ്യാൻ ഇന്ത്യൻ സർക്കാർ നിർദേശം ലഭിച്ചതായി കാണിച്ച് ട്വിറ്റർ അയച്ച സന്ദേശവും അവർ പങ്കുവെച്ചു. 2000ത്തിലെ ഐടി നിയമം ലംഘിച്ചെന്ന് കാണിച്ചായിരുന്നു നിർദേശം.

അതിനിടെ, മുസ്‌ലിം മധ്യവയസ്‌കനെ ജനക്കൂട്ടം ഓടിച്ചിട്ട് മർദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

Hindutva rallies again in North India with anti-Muslim slogans

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News