തനിക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് അജിത് പവാർ; മഹായുതി സഖ്യത്തിൽ ഭിന്നത കടുക്കുന്നു
മഹായുതി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്നും പവാർ വ്യക്തമാക്കി.
മുംബൈ: ഹരിയാനയ്ക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയിൽ ഭരണപക്ഷമായ മഹായുതി സഖ്യത്തിലെ ഭിന്നത കടുക്കുന്നു. സീറ്റ് വിഭജനം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇപ്പോഴിതാ മുഖ്യമന്ത്രി പദത്തിൽ അജിത് പവാറിനും കണ്ണുണ്ടെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നു. തനിക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്നാണ് മഹായുതി സഖ്യകക്ഷിയായ എൻസിപി നേതാവ് അജിത് പവാർ തുറന്നുപറഞ്ഞിരിക്കുന്നത്.
'എല്ലാവരും ആഗ്രഹിക്കുന്നത് അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ്. ഞാനും അതിൽ ഉൾപ്പെടും. എന്നാൽ മുഖ്യമന്ത്രിയാകാൻ ഭൂരിപക്ഷം ലഭിക്കണം. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആഗ്രഹം സഫലമാകുന്നില്ല'- അജിത് പവാർ പറഞ്ഞു. മഹായുതി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്നും പവാർ വ്യക്തമാക്കി.
'എല്ലാവർക്കും പല ആഗ്രഹങ്ങളും അഭിപ്രായങ്ങളുമുണ്ട്. പക്ഷേ എല്ലാവർക്കും അവരാഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ എല്ലാം ലഭിക്കുന്നില്ല. പക്ഷേ അതിനായി ഡോ. ബാബാസാഹേബ് അംബേദ്കർ വോട്ടവകാശം നൽകിയത് ആത്യന്തികമായി വോട്ടർമാരുടെ കൈകളിലാണ്. 288 അംഗ സംസ്ഥാന നിയമസഭയിൽ 145 എന്ന അക്കത്തിൽ എത്തേണ്ടതും ആവശ്യമാണ്. മഹായുതി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും'- പവാർ വിശദമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ അജിത് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി മന്ത്രി ധർമറാവുബാബ അത്രാമിൻ്റെ മകൾ ഭാഗ്യശ്രീ സെപ്തംബർ 12ന് ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നിരുന്നു. ഗഡ്ചിരോളി ജില്ലയിലെ അഹേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് അവർ പിതാവ് അത്രാമിനെതിരെ മത്സരിച്ചേക്കുമെന്നാണ് വിവരം. പാർട്ടി മേധാവി ജയന്ത് പാട്ടീലിൻ്റെയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശ്മുഖിൻ്റെയും സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാര്‍ എന്‍സിപിയില്‍ ചേര്‍ന്നത്.
ജൂലൈയില്‍ അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെ, പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിങ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാര്‍ട്ടിവിട്ട നേതാക്കള്‍. സ്വന്തം പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടാതെ ബിജെപിയുമായുള്ള ഭിന്നത തെളിയിക്കുന്ന പ്രതികരണങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
‘കാബിനറ്റിൽ നമ്മൾ അടുത്തിരുന്നാലും പുറത്തുവന്ന് ഛർദിക്കാൻ തോന്നും’ എന്നായിരുന്നു ഷിൻഡെ വിഭാഗം ശിവസേനാ മന്ത്രിയായ താനാജി സാവന്ത് കഴിഞ്ഞമാസം അവസാനം പ്രതികരിച്ചത്. താനിപ്പോഴും ഒരു കടുത്ത ശിവസൈനികനാണെന്നും എൻസിപി നേതാക്കളുമായി ഒരിക്കലും ഇണങ്ങിയിട്ടില്ലെന്നും സാവന്ത് പറഞ്ഞിരുന്നു. ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവം പ്രതിപക്ഷമായ മഹാവികാസ് അഘാഡി ആയുധമാക്കുന്നതിൽ മഹായുതി സർക്കാർ പ്രതിരോധത്തിലായതിനിടെയാണ് ഈ പ്രതികരണവും പുറത്തുവന്നത്.
കൂടാതെ, സീറ്റ് വിഭജനം സംബന്ധിച്ചും സഖ്യത്തിൽ വലിയ ഭിന്നത നിലനിൽക്കുന്നുണ്ട്. 21 മണ്ഡലങ്ങളിൽ എൻസിപി സഖ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ തുറന്നുപറഞ്ഞിരുന്നു. അജിത് പവാറുമായി യോജിക്കാനുള്ള നീക്കം ബിജെപിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് മുതിർന്ന നേതാവും വ്യക്തമാക്കിയത് ദിവസങ്ങൾക്കു മുമ്പാണ്. ഈ സഖ്യം പാർട്ടിക്ക് സൃഷ്ടിക്കുന്ന നഷ്ടം നേതൃത്വം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം മനസ് തുറന്നിരുന്നു.
ഇതുകൂടാതെ, അജിത് പവാർ പക്ഷ എൻസിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ ബിജെപി നേതാവ് പാർട്ടി വിട്ടിരുന്നു. കോലാപ്പൂർ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് സമർജിത് സിങ് ഘട്ഗെയാണ് ബിജെപി വിട്ട് മുൻ മുഖ്യമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. ഭരണമുന്നണിയായ മഹായുതി അഘാഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് സമർജിത്‌സിങ് എൻസിപിയിലേക്ക് ചേക്കേറിയത്.
നേരത്തെ, ജൂണിൽ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൂര്യകാന്താ പാട്ടീൽ പാർട്ടിവിട്ട് ശരദ് പവാർ വിഭാഗം എൻസിപിയിൽ ചേർന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നു പാർട്ടിയുമായി അകൽച്ചയിലായിരുന്നു സൂര്യകാന്ത. 'കഴിഞ്ഞ 10 വർഷത്തിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു' എന്നാണ് പാർട്ടി വിട്ട ശേഷം പാട്ടീൽ പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പൻ പരാജയത്തിന് പിന്നാലെയായിരുന്നു സൂര്യകാന്താ പാട്ടീൽ പാർട്ടി വിട്ടത്.
മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർഷ്‌വർധൻ പാട്ടീലും പാർട്ടി വിട്ട് എൻസിപിയിൽ ചേരുമെന്ന സൂചനയുണ്ട്. എൻസിപി തലവൻ ശരത് പവാറുമായി പാട്ടീൽ കഴിഞ്ഞമാസം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. പൂനെയിലെ മഞ്ജരിയിലാണ് പാട്ടീലും പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നത്. നവംബറിൽ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹരിയാനയിലും ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. 20ലേറെ നേതാക്കൾ പാർട്ടി വിട്ടതിനു പിന്നാലെ, മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി. ബിജെപിയിലെ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് സ്വയം പ്രഖ്യാപിച്ചായിരുന്നു അനില്‍ വിജ് എത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹത്തിന്റെ ആവശ്യം ബിജെപി ആവശ്യം തള്ളി. മുതിർന്ന അംഗം തന്നെ പരസ്യമായി താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി തുടരുമെന്ന് പാർട്ടി ഇതിനകം വ്യക്തമാക്കിയ സമയത്താണ് വേറൊരു അംഗം ഇതിനെതിരെ രംഗത്തെത്തി സംസാരിക്കുന്നത്. ആറ് തവണ എംഎല്‍എ ആയിട്ടുള്ള അനില്‍ വിജ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സാമാജികനാണ്. ഇത്തവണ അദ്ദേഹം ഏഴാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്.