സ്പീക്കർ പദവിയിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ്? ഉറ്റുനോക്കി രാഷ്ട്രീയ വൃത്തങ്ങൾ

സ്പീക്കർ പദവി സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കില്ലെന്നാണ് ബിജെപി തീരുമാനം

Update: 2024-06-19 08:19 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ സ്പീക്കർ ആരാകുമെന്ന ഉദ്വേഗങ്ങൾക്കിടെ അണിയറ രാഷ്ട്രീയനീക്കങ്ങളുമായി പ്രതിപക്ഷം. സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ സമവായത്തിലൂടെ മാത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്പീക്കർ പദവിയിൽ ഇത്തവണ മത്സരമുണ്ടാകുമെന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്. കാലങ്ങളായി സ്പീക്കറെ എതിരില്ലാതെ തെരഞ്ഞെടുക്കുന്നതാണ് പതിവ്.

എൻഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി സ്പീക്കർ പദവി ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കാനാണ് നിലവിൽ ഇൻഡ്യാ മുന്നണിയുടെ തീരുമാനം. ബിജെപി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്ന സാഹചര്യമുണ്ടായാൽ പ്രതിപക്ഷം സ്ഥാനാർത്ഥിയെ കളത്തിലിറക്കും. സ്പീക്കർ തസ്തികയിലേക്ക് സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണയ്ക്കുമെന്ന സൂചന കോൺഗ്രസ് ടിഡിപിക്ക് നൽകിയിട്ടുണ്ട്.

സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം, എംപിമാരുടെ അയോഗ്യത തുടങ്ങിയ നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. കൂറുമാറ്റ നിരോധന നിയമത്തിലും സ്പീക്കറുടെ പങ്ക് പ്രധാനമാണ്. അതുകൊണ്ടു തന്നെ തന്ത്രപ്രധാനമായ സ്പീക്കർ പദവി കൈവശം വയ്ക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രധാന ഘടകകക്ഷികളായ ടിഡിപിക്കോ ജെഡിയുവിനോ വിട്ടുനൽകും. ഇങ്ങനെയൊരു സാഹചര്യമുണ്ടായാലും മത്സരിക്കാനാണ് പ്രതിപക്ഷ തീരുമാനം.

മോദി ഭരണത്തിന്റെ ഒന്നാമൂഴത്തിൽ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കായിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവി. 2019-24 വർഷത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഉണ്ടായിരുന്നില്ല. 234 സീറ്റു നേടി ഇത്തവണ കരുത്താർജ്ജിച്ച സാഹചര്യത്തിൽ പദവി പ്രതിപക്ഷം ആവശ്യപ്പെടുമെന്നുറപ്പാണ്. രണ്ട് യുപിഎ സര്‍ക്കാറുകളുടെ കാലത്തും ബിജെപിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയിരുന്നു. 

ലോക്‌സഭയിൽ 293 സീറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് തന്നെയാണ് മേൽക്കൈ. എന്നാൽ 234 സീറ്റുള്ള ഇൻഡ്യാ മുന്നണിക്കൊപ്പം ടിഡിപി കൂടി ചേർന്നാൽ അംഗബലം 250 ആകും. എൻഡിഎ 277 സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെയും സ്വതന്ത്ര എംപിമാരുടെയും നിലപാട് ഏറെ നിർണായകമാകും.

ആന്ധ്ര ബിജെപി അധ്യക്ഷ ഡി. പുരന്ദേശ്വരി, ഒഡിഷ ബിജെപി എംപി ഭർതൃഹരി മെഹ്താബ്, നിലവിലെ സ്പീക്കർ ഓം ബിർല തുടങ്ങിയവരുടെ പേരുകളാണ് ബിജെപിയുടെ പരിഗണനയിലുള്ളത്. ജൂൺ 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 24ന് പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തിട്ടുണ്ട്.

സ്പീക്കർ പദവി ചർച്ച ചെയ്യാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വീട്ടിൽ എൻഡിഎ നേതാക്കൾ യോഗം ചേർന്നിരുന്നു. ഘടകക്ഷികളെ കൂടെ നിർത്തുകയെന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. തങ്ങൾക്ക് സ്പീക്കർ പദവി വേണമെന്ന് നേരത്തെ തന്നെ തെലുങ്കുദേശം പാർട്ടി ബിജെപിയെ അറിയിച്ചതായാണ് റിപ്പോർട്ട്. മന്ത്രിസഭാ രൂപീകരണ വേളയിൽ പ്രധാന വകുപ്പുകളൊന്നും കിട്ടാതിരുന്ന ടിഡിപി സ്പീക്കർ പദവിയിൽ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന.

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News