നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം

തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Update: 2024-12-13 13:27 GMT
Advertising

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസിൽ റിമാൻഡിലായ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്. നടനെ ഹൈദരാബാദിലെ നാമ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ചഞ്ചൽഗുഡ ജയിലിലേക്ക് അല്ലു അർജുനെ മാറ്റാനൊരുങ്ങവെയാണ് ആശ്വാസവിധി.

മനഃപൂർവമല്ലാത്ത നരഹത്യടക്കമുള്ള കേസുകളായിരുന്നു നടനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഈ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി, സൂപ്പർ താരമെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് പറയാനാകില്ലെന്നും പറഞ്ഞു. തുടർന്നായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചത്. മരിച്ച യുവതിയുടെ കുടുംബത്തോട് സഹതാപം ഉണ്ടെന്നും കോടതി അറിയിച്ചു.

റിമാൻഡ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഹൈക്കോടതിയിൽനിന്ന് ഇടക്കാല ജാമ്യം ലഭിച്ചത്. അറസ്റ്റിനെതിരെ വലിയ പ്രതിഷേധം നിലനിന്നിരുന്നു. വലിയ വാദപ്രതിവാദമാണ് കോടതിയിൽ അരങ്ങേറിയത്. പൊലീസ് അനുമതിയില്ലാതെയാണ് നടൻ തിയേറ്ററിൽ എത്തിയതെന്നും അല്ലു അർജുൻ എത്തുന്നവിവരം ആരും അറിയിച്ചിരുന്നില്ലെന്നും അതിനാൽ തന്നെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സാധിച്ചില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

എന്നാൽ നടൻ എത്തുന്ന കാര്യം പൊലീസിനെ അറിയിച്ചിരുന്നെന്നും പുറത്തുനടക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നില്ല എന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് അഭിഭാഷകൻ വാദിച്ചത്. അതിനാൽ ഇത്തരമൊരു കുറ്റം ചുമത്താനാവില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അല്ലു അർജുനും ഈ ദുരന്തത്തിൽ അല്ലു അർജുന് ഉത്തരവാദിത്തമുണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത്. എന്നാൽ ഈ വാദം സമർഥിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

അതേസമയം, അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് അറിയിച്ച് മരിച്ച സ്ത്രീയുടെ ഭർത്താവ് രം​ഗത്തെത്തി. ഭാര്യ മരിക്കാൻ കാരണമായ സംഭവങ്ങളുമായി നടന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയുടെ ഭർത്താവ് ഭാസ്കർ ആണ് കേസ് പിൻവലിക്കാൻ തയാറാണെന്ന് അറിയിച്ചത്. അല്ലു അർജുൻ അറസ്റ്റിലായ വിവരം അറിഞ്ഞില്ലെന്നും ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രീമിയർ ഷോയ്ക്കായി അല്ലു അർജുനും രശ്‌മിക മന്ദാനയും എത്തിയതിന് പിന്നാലെയാണ് തിയേറ്ററിൽ വലിയ തിരക്കുണ്ടായത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമ കാണാൻ എത്തിയത്. എന്നാൽ തിരക്ക് കൂടിയതോടെ രേവതി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News