ബി.ജെ.പി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപ്പിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായ അനിയൻ
കർണാടക മുൻ മന്ത്രി എസ് ബംഗാരപ്പയുടെ മക്കളാണ് ഇരുവരും
ശിവമോഗ: കർണാടകയിലെ സൊറാബയിൽ ബി.ജെ.പി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപ്പിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായ അനിയൻ. കർണാടക മുൻ മന്ത്രി എസ് ബംഗാരപ്പയുടെ രണ്ട് മക്കളായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയത്. ബംഗാരപ്പയുടെ ഇളയ മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ എസ് മധു ബംഗാരപ്പയാണ് ജ്യേഷ്ഠനായ എസ്.കുമാർ ബംഗാരപ്പയെ 44,262 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
മധു ബംഗാരപ്പയ്ക്ക് 98,912 വോട്ടും സഹോദരനും ബിജെപി എം.എൽ.എയുമായ എസ്.കുമാർ ബംഗാരപ്പയ്ക്ക് 54,650 വോട്ടും ലഭിച്ചു. ജെഡിഎസ് സ്ഥാനാർത്ഥി ബി ചന്ദ്രഗൗദ്രു 6,477 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.
ശിവമോഗ ജില്ലയിലെ മണ്ഡലത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ സിറ്റിംഗ് എംഎൽഎയാണ് കുമാർ. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസ്) ടിക്കറ്റിൽ മത്സരിച്ച മധു ബംഗാരപ്പയെ 13,286 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുമാർ ബംഗാരപ്പ പരാജയപ്പെടുത്തിയത്.
1967 മുതൽ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ 12ലും ശിവമോഗ ജില്ലയിലെ സൊറബ നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത് ബംഗാരപ്പ കുടുംബത്തിലുള്ളവരാണ്. എസ് ബംഗാരപ്പ ഏഴുവട്ടം തുടർച്ചയായി ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുണ്ട്. അഞ്ചുതവണ മക്കളും നേർക്ക് നേർ മത്സരിച്ചിട്ടുണ്ട്.