നടുറോഡില്‍ വനിതാ അഭിഭാഷകയ്ക്ക് മര്‍ദനം, അടിവയറ്റില്‍ ചവിട്ടി; ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
ഭർത്താവിനൊപ്പം പോവുകയായിരുന്ന ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മർദിച്ചത്
ബംഗളൂരു: കർണാടകയിൽ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നോക്കിനിൽക്കെ നടുറോഡിൽ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം. ഭർത്താവിനൊപ്പം പോവുകയായിരുന്ന ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മർദിച്ചത്. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹന്തേഷ് സംഗീതയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ബാഗൽകോട്ട് ടൗണിൽ വച്ച് സംഗീതയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. തുടരെതുടരെ അടിക്കുന്നതും അടിവയറ്റില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. സംഗീത അടിയേറ്റു വീഴുമ്പോഴും മഹന്തേഷ് മര്‍ദനം തുടരുകയാണ്. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ബി.ജെ.പി ജനറൽ സെക്രട്ടറി രാജു നായ്ക്കറുമായുള്ള വസ്തു തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് സംഗീത പറഞ്ഞു. രാജു നായ്ക്കറുടെ അനുയായിയാണ് മഹന്തേഷ്. സംഗീത താമസിച്ചിരുന്ന കുടുംബവീട് അമ്മാവൻ രാജു നായ്ക്കർക്ക് ചെറിയ തുകയ്ക്ക് വിറ്റിരുന്നു. മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവൻ വിൽപ്പന നടത്തിയത്. പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടിൽ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കർ ആവശ്യപ്പെട്ടു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മഹന്തേഷ് സംഗീതയെ ഉപദ്രവിച്ചത്.