കർണിസേന തലവന്റെ കൊലയാളികളെ ഏറ്റുമുട്ടലിൽ വധിക്കണമെന്ന് കോൺഗ്രസ് നേതാവ്
ചൊവ്വാഴ്ച തന്റെ വീടിന്റെ സ്വീകരണമുറിയിൽവച്ചാണ് കർണിസേന തലവൻ സുഖ്‌ദേവ് സിങ് ഗൊഗമേദിക്ക് വെടിയേറ്റത്.
ജയ്പൂർ: കർണിസേന തലവൻ സുഖ്‌ദേവ് സിങ് ഗൊഗമേദിയുടെ കൊലയാളികളെ ഏറ്റുമുട്ടലിൽ വധിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ഖചാരിയാവ. ഇത് വളരെ ഗുരുതരമായ സാഹചര്യമാണ്. ജനങ്ങൾ സംയമനം പാലിക്കണമെന്നും ഖചാരിയാവ പറഞ്ഞു.
ചൊവ്വാഴ്ച തന്റെ വീടിന്റെ സ്വീകരണമുറിയിൽവച്ചാണ് സുഖ്‌ദേവിന് വെടിയേറ്റത്. സന്ദർശകരായെത്തിയ മൂന്നുപേർ സംസാരത്തിനിടെ സുഖ്‌ദേവിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുഖ്‌ദേവിന്റെ അംഗരക്ഷകൻ തിരിച്ചു വെടിവച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു.
പ്രതികളായ ഹരിയാന സ്വദേശി രോഹിത് റാത്തോഡ് മക്രാന, നിതിൻ ഫൗജി എന്നിവരെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇവർ പിടിയിലായെന്ന റിപ്പോർട്ടുകൾ പൊലീസ് തള്ളി. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പൊലീസ് ധനസഹായം പ്രഖ്യാപിച്ചു.
ശ്രീ രജ്പുത് കർണിസേന സ്ഥാപകനായ ലോകേന്ദ്ര സിങ് കൽവിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സുഖ്‌ദേവ് സംഘടന വിട്ടത്. തുടർന്നാണ് ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേന രൂപീകരിച്ചത്.