മധ്യപ്രദേശിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; മുൻ മന്ത്രി ദീപക് ജോഷി കോൺഗ്രസിൽ ചേർന്നു
ഭോപ്പാലിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ദീപക് ജോഷിക്ക് കമൽനാഥ് പാർട്ടി അംഗത്വം നൽകി.
ഭോപ്പാൽ: മധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ ദീപക് ജോഷി കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ദീപക് ജോഷി. ഭോപ്പാലിലെ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ദീപക് ജോഷിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ് സ്വീകരിച്ചു.
തന്റെ പിതാവ് കൈലാഷ് ജോഷിയുടെ പാരമ്പര്യത്തെ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ അവഗണിക്കുകയാണെന്ന് ദീപക് ജോഷി ആരോപിച്ചു. 60-കാരനായ ദീപ് ജോഷി ബി.ജെ.പി ടിക്കറ്റിൽ മൂന്നു തവണ എം.എൽ.എ ആയിട്ടുണ്ട്. 2003-ൽ ദേവാസ് ജില്ലയിലെ ബാഗ്ലി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2008, 2013 വർഷങ്ങളിൽ ഹാത്പിപ്ല്യ മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയി. 2013-ൽ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിലും അംഗമായി.
2018-ൽ ദീപക് ജോഷി ഹാത്പിപ്ല്യയയിൽ കോൺഗ്രസ് സ്ഥാനാർഥി മനോജ് ചൗധരിയോട് പരാജയപ്പെട്ടു. 2020-ൽ അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ചൗധരി തന്നെയാണ് വിജയിച്ചത്.
2020-ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 20 എം.എൽ.എമാരാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തിരുന്നു. ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.