'കാലു പൊള്ളുന്നമ്മേ'... ചെരിപ്പ് വാങ്ങാൻ കാശില്ല, കുഞ്ഞുങ്ങളുടെ കാല്‍ കവറിൽ പൊതിഞ്ഞ് അമ്മ; ഹൃദയഭേദകമായ കാഴ്ച
നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്
ചുട്ടുപൊള്ളുന്ന വേനലിലിൽ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അവരുടെ കാലുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ അമ്മയുടെ ചിത്രം വൈറലാകുന്നു. മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ ഇൻസാഫ് ഖുറൈഷി പകർത്തിയ ചിത്രം നിമിഷനേരം കൊണ്ടാണ് ചർച്ചചെയ്യപ്പെട്ടത്.
രുക്മണി എന്ന സ്ത്രീ തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് നഗരത്തിലൂടെ നടന്നുപോകുമ്പോഴാണ് ഇൻസാഫ് ഖുറൈഷി അതുവഴി പോയത്. കുഞ്ഞുങ്ങളുടെ കാൽ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞത് ശ്രദ്ധയിൽപെട്ട ഖുറൈഷി ഉടനെ ആ രംഗം തന്റെ കാമറയിൽ പകർത്തുകയായിരുന്നു. ചിത്രം വ്യാപകമായി ഷെയർ ചെയ്തതോടെ രുക്മണിക്ക് ഒരുപാടുപേർ സഹായഹസ്തവുമായി രംഗത്തെത്തി.
സഹരിയ റിബൽ വിഭാഗത്തിൽപ്പെട്ട രുക്മിണി തന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ഭർത്താവ് ക്ഷയരോഗ ബാധിതനാണെന്നും റിപ്പോർട്ടറോട് പ്രതികരിച്ചതായി ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഭർത്താവിന് വയ്യാത്തതുകൊണ്ട് തന്നെ ജോലി അന്വേഷിച്ച് നടക്കുകയാണെന്നും മക്കളെ നോക്കാൻ ആരുമില്ലെന്നും അതുകൊണ്ടാണ് അവരെയും കൂടെ കൂട്ടിയതെന്നും രുക്മണി പറഞ്ഞു.
സംഭവത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്നും കുടുംബത്തിലെ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാശിശു വികസന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഷിയോപൂർ കലക്ടർ അറിയിച്ചു.