പ്രവാചക നിന്ദ: പ്രതിഷേധിച്ചതിന്റെ പേരിൽ മാത്രം അറസ്റ്റിലായത് ഇരുനൂറിലധികം പേർ; നുപൂർ ശർമക്കെതിരെ നടപടിയില്ല

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.

Update: 2022-06-11 11:33 GMT
Advertising

ലഖ്‌നൗ: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിൽ മാത്രം ഇരുനൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിൽ 68, ഹാത്രസിൽ 50, സഹാറൻപൂരിൽ 28, മൊറാദാബാദിൽ 25, ഫിറോസാബാദിൽ എട്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്.

സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കർശനമായി നേരിടുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വെൽഫെയർ പാർട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജ് നഗരത്തിലെ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ അർധരാത്രിയാണ് ജാവേദിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാൺപൂരിലും നേരത്തെ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ വീടുകളും കടകളും ഇടിച്ചുനിരത്താനും നിർദേശം നൽകിയതായാണ് വിവരം. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ജഹാംഗീർപുരിയുടെ മാതൃകയിൽ മുസ്‌ലിംകളുടെ വീടുകൾ ഇടിച്ചുനിരത്താൻ പൊലീസ് നീക്കം ആരംഭിച്ചത്.

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇതിൽ 10 പേർ പൊലീസുകാരാണ്, പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

അതേസമയം പ്രവാചകനെ അധിക്ഷേപിച്ച നുപൂർ ശർമക്കും നവീൻ ജിൻഡാലിനുമെതിരെ ഇതുവരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മഹാരാഷ്ട്രയിലും അസമിലും യു.പിയിലും ഡൽഹിയിലും നുപൂർ ശർമക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും പരാതി നൽകിയിട്ടുണ്ട്. ഇതിൽ മഹാരാഷ്ട്ര പൊലീസ് മാത്രമാണ് നുപൂർ ശർമക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

അധിക്ഷേപ പരാമർശം നടത്തിയ നൂപൂർ ശർമയേയും നവീൻ ജിൻഡാലിനെയും സംരക്ഷിക്കാനായിരുന്നു ബിജെപി നേതൃത്വം ആദ്യം ശ്രമിച്ചത്. അറബ് ലോകത്ത് ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് അവരെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. പക്ഷെ അവർക്കെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. പകരം വധഭീഷണിയുണ്ടെന്നതിന്റെ പേരിൽ സുരക്ഷ വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇതിനിടയിലാണ് പ്രതിഷേധിക്കുന്നവരെ പൊലീസ് തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News