പുസ്തകത്തിൽ ഹിന്ദുക്കളെ അധിക്ഷേപിച്ചെന്ന് പരാതി; ഗ്രന്ഥകാരനെ അറസ്റ്റ് ചെയ്യാൻ ടീം രൂപീകരിച്ച് മധ്യപ്രദേശ് പൊലീസ്

കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസിൽ ഫർഹാൻ ഖാനെ അറസ്റ്റ് ചെയ്യാനാണ് നടപടിയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

Update: 2022-12-07 12:40 GMT
Advertising

ഇൻഡോർ: ഹിന്ദുക്കളെ അധിക്ഷേപിച്ച് പുസ്തകം രചിച്ചുവെന്ന് കുറ്റപ്പെടുത്തി ഗ്രന്ഥകാരനെ അറസ്റ്റ് ചെയ്യാൻ ടീം രൂപീകരിച്ച് മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത കേസിൽ ഫർഹാൻ ഖാനെ അറസ്റ്റ് ചെയ്യാനാണ് നടപടിയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. അമർ ലോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം' എന്ന പുസ്തകത്തിന്റെ പേരിലാണ് ഫർഹാനെതിരെ കേസെടുത്തത്. പുസ്തകത്തിൽ ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് ആർഎസ്എസ്സിന്റെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ആരോപിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

'ഗ്രന്ഥകാരനെയും പുസ്തകത്തിന്റെ പ്രസാധകരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. അവർ നടപടി സ്വീകരിക്കും' നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഫർഹാൻ ഖാന് ഡോക്ടറേറ്റ് നൽകിയ യൂണിവേഴ്‌സിറ്റിക്ക് അത് പിൻവലിക്കാൻ കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

വിവാദ പുസ്തകം അഞ്ച് വർഷമായി പഠിപ്പിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞാഴ്ച വിദ്യാർഥി പരിഷത്ത് കഴിഞ്ഞാഴ്ച ഇൻഡോറിലെ ഗവൺമെൻറ് ലോ കോളേജിന് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. പുസ്തകം മതസ്പർദ്ധ വളർത്തുന്നതാണെന്നും അവർ ആരോപിച്ചു.

കേസിൽ ഡിസംബർ മൂന്നിനാണ് കുറ്റപത്രം തയാറാക്കിയത്. കോളേജിലെ ഒരു വിദ്യാർഥിയുടെ പരാതിയിലാണ് കുറ്റപത്രം രജിസ്റ്റർ ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രന്ഥകാരനും പ്രസാധകനും പുറമേ കോളേജ് പ്രിൻസിപ്പാൾ ഇനാമുർറഹ്‌മാനും പ്രഫസർ മൊയ്‌സ് ബേഗിനുമെതിരെയും പൊലീസ് കുറ്റം ചാർത്തിയിരുന്നു. സെക്ഷൻ 153 എ -വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, 295 എ -മതവികാരം വൃണപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സമരത്തിന് ശേഷം പുസ്തകം കോളേജ് ലൈബ്രററിയിൽ നിന്ന് നീക്കിയതായി യൂണിറ്റ് വിദ്യാർഥി പരിഷത്ത് പ്രസിഡൻറ് ദീപേന്ദ്ര സിംഗ് താക്കൂർ പറഞ്ഞു.

എന്നാൽ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 2015ൽ പുറത്തിറങ്ങിയതാണെന്നും 2021ൽ വിവാദമായ ഭാഗങ്ങൾ ഫർഹാൻ ഖാനുമായി സംസാരിച്ച് നീക്കിയിരുന്നുവെന്നും അമർ ലോ പബ്ലിക്കേഷൻസ് പ്രതിനിധി ഹിതേഷ് ഖേത്രപാൽ അറിയിച്ചു.

Madhya Pradesh police has formed a team to arrest the author, accusing him of writing a book insulting Hindus. A case was filed against Dr. Farhan Khan on the basis of his book 'Collective Violence and Criminal Justice System' published by Amar Law Publications.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News