സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു
വനിതാദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ നാമനിര്‍ദേശം ചെയ്തത്
Update: 2024-03-08 08:26 GMT
ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്. ലോക വനിതാദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സുധാ മൂര്‍ത്തിയെ നാമനിര്‍ദേശം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം എക്‌സില്‍ പങ്കുവച്ചു. വിവിധ മേഖലകളിലെ സുധാ മൂര്‍ത്തിയുടെ മികച്ച പ്രവര്‍ത്തനം പ്രചോദനം നല്‍കുന്നതാണെന്നും അവരുടെ സാന്നിധ്യം രാജ്യസഭയിലെ നാരീശക്തിയുടെ ശക്തമായ സന്ദേശമാകുമെന്നും മോദി കുറിച്ചു.
സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സുധാമൂര്‍ത്തി, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സനുമാണ്. 73 കാരിയായ സുധാമൂര്‍ത്തിയെ രാജ്യം പത്മശ്രീ, പത്മ ഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്.