വിദ്യാർഥികളെ ക്ഷണിച്ചത് കേന്ദ്ര സർക്കാർ പരിപാടിക്ക്; നടന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി നടപടിയിൽ പ്രതിഷേധം
കോഴിക്കോട്: ബി.ജെ.പി പരിപാടിയിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന് കാണിച്ചുള്ള പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി അറിയിപ്പിനെതിരെ പ്രതിഷേധം. ദേശീയ വോട്ടോഴ്സ് ദിനാചരണ ഭാഗമായി നവവോട്ടർമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ സംസാരിക്കുന്നതായിരുന്നു ചടങ്ങ്.
ഈ പരിപാടിയുടെ തത്സമയ സംപ്രേഷണത്തിൽ കന്നി വോട്ടർമാരായ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ നിർദേശിച്ചാണ് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അറിയിപ്പ് വന്നത്. യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളജ് പ്രിൻസിപ്പൽമാർക്കും മറ്റു വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കുമാണ് നിർദേശം നൽകിയത്.
കോളജുകളിലെയും യൂണിവേഴ്സിറ്റികളിലെയും വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി നൽകാൻ കേന്ദ്ര സർക്കാറാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് അറിയിപ്പിലുള്ളത്. വ്യാഴാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. എല്ലാ കോളജുകളിലും ഇത് തത്സമയം സംപ്രേഷണം ചെയ്യണം. പോണ്ടിച്ചേരിയിലെ കോളജുകളിലെ വിദ്യാർഥികളെ യൂണിവേഴ്സിറ്റി കാമ്പസിലെത്തിക്കണം. കൂടാത രാവിലെ പത്തിന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വി.സി വോട്ടർ ഐ.ഡി ലഭിക്കാനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വെബ്‍ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കോളജ് ഐ.ഡി കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണമെന്നും നിർദേശിച്ചിരുന്നു. വിദ്യാർഥികൾ യൂണിവേഴ്സിറ്റിയിലെ ജെ.എൻ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് തന്നെ എത്തിയെന്ന് ഉറപ്പാക്കണമെന്നും ഇതിൽ പറയുന്നുണ്ട്.
എന്നാൽ, പരിപാടിയുടെ ലിങ്ക് വന്നപ്പോഴാണ് ബി.ജെ.പിയും യുവമോർച്ചയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നത്. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും യൂട്യൂബ് ചാനലിലൂടെയായിരുന്നു തത്സമയ സംപ്രേഷണം. ‘നമോ നവ്മത്ദാധാ സമ്മേളൻ’ എന്ന പേരിലായിരുന്നു പരിപാടി. കാവിനിറത്തിലുള്ള തൊപ്പി ധരിച്ചായിരുന്നു മോദിയുടെ സംസാരം. വീഡിയോയിൽ ബി.ജെ.പയുടെയും യുവമോർച്ചയുടെയും ചിഹ്നങ്ങളും കാണാമായിരുന്നു. നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ സംസാരവുമുണ്ടായിരുന്നു. രാജ്യത്താകമാനം അയ്യായിരത്തോളം സ്ഥലങ്ങളിലാണ് പരിപാടി തത്സമയം സംപ്രേഷണം ചെയ്തത്.
35 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിനിടെ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിക്കാനും മോദി മടിച്ചില്ല. ‘നിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ നിങ്ങളെല്ലാവരും ജനാധിപത്യ സംവിധാനത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു. രാജ്യം അതിന്റെ 'അമൃത് കാല'ത്തിലൂടെ കടന്നുപോകുന്ന സമയത്താണ് നിങ്ങളെല്ലാവരും വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നത്. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കെല്ലാമുണ്ട്. ഒരു വികസിത ഇന്ത്യയിൽ നിങ്ങളുടെ പേരുകൾ എങ്ങനെ സുവർണ്ണ ലിപികളാൽ കൊത്തിവെക്കാമെന്ന് തീരുമാനിക്കാനുള്ള മികച്ച അവസരമാണ് നിങ്ങൾക്കെല്ലാവർക്കുമുള്ളത്. ഞങ്ങളുടെ വേഗത, ദിശ, സമീപനം എന്നിവ നിങ്ങൾ എല്ലാവരും തീരുമാനിക്കും. വോട്ടിങ് അതിലെ വലിയ ഘടകമായിരിക്കും.
ഇന്ന് ആളുകൾ സംസാരിക്കുന്നത് വിശ്വാസ്യതയെക്കുറിച്ചാണ്, അഴിമതിയെക്കുറിച്ചല്ല, വിജയഗാഥകളെക്കുറിച്ചാണ്. നേരത്തെ ഇന്ത്യ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. വരും വർഷങ്ങളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറും.
യുവാക്കൾ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരാണ്. കുടുംബങ്ങൾ നയിക്കുന്ന പാർട്ടികൾ ഒരിക്കലും യുവാക്കളെ മുന്നോട്ട് പോകാൻ അനുവദിച്ചിട്ടില്ല. ഇത്തരം പാർട്ടി നേതാക്കളുടെ ചിന്താഗതി യുവാക്കൾക്ക് എതിരാണ്. നിങ്ങളുടെ വോട്ടിന്റെ ബലത്തിൽ ഈ കുടുംബ പാർട്ടികളെ പരാജയപ്പെടുത്തണം. ഇന്ത്യയിലെ യുവജനങ്ങൾ വോട്ടുചെയ്യാനുള്ള അവരുടെ ശക്തി വിനിയോഗിക്കുകയും നമോ ആപ്പിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും വേണം’ -മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.