'ഗാന്ധി ഘാതകരുടെ ബന്ധുക്കളല്ലേ; ഗോഡ്‌സെ പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കൂ'-ബി.ജെ.പിയോട് സിദ്ധരാമയ്യ
'ശുദ്ധ അസംബന്ധങ്ങൾ പ്രചരിപ്പിച്ച് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നവരാണവർ. സമൂഹത്തെ ഭിന്നിപ്പിച്ചിട്ട് ഇപ്പോൾ നാടകം പോലെ നീതി ചോദിച്ചുവരുന്നു.'
ബംഗളൂരു: നിയമസഭാ സമ്മേളനം ബഹിഷ്‌ക്കരിച്ച് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ച ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാന്ധിക്കു പകരം ഗോഡ്‌സെ പ്രതിമയ്ക്കു മുന്നിൽ പോയാണ് അവർ പ്രതിഷേധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയെ കൊന്നവരുടെ ബന്ധുക്കളാണല്ലോ ഇവരെല്ലാമെന്നും അദ്ദേഹം വിമർശിച്ചു.
'സഭയ്ക്കകത്തു പ്രതിഷേധിക്കുന്നതിലും സർക്കാരിനെതിരെ എതിർപ്പുയർത്തുന്നതിലുമൊന്നും ഒരു തെറ്റുമില്ല. എന്നാൽ, ബി.ജെ.പി അംഗങ്ങൾ തീർത്തും അപരിഷ്‌കൃതവും കടന്ന കൈയുമായിരുന്നു. ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ മുഖത്തേക്ക് പേപ്പറുകൾ കീറിയെറിഞ്ഞു അവർ. സഭയിലെ സുരക്ഷാജീവനക്കാരുണ്ടായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു കാര്യങ്ങൾ? സഭയ്ക്കകത്ത് പാലിക്കേണ്ട ചില മര്യാദകളും അച്ചടക്കവുമെല്ലാമുണ്ട്'-സിദ്ധരാമയ്യ പറഞ്ഞു.
ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ കുത്തിയിരുന്ന് നടത്തിയ ബി.ജെ.പി പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു. 'നാഥുറാം ഗോഡ്‌സെയുടെ പ്രതിമയ്ക്കു മുന്നിൽപോയാണ് അവർ പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. ഇവരെല്ലാം ഗാന്ധിയുടെ കൊലയാളികളുടെ ബന്ധുക്കളാണല്ലോ.. അത്തരക്കാർ ഗാന്ധി പ്രതിമയ്ക്കു മുന്നിലിരുന്നു പ്രതിഷേധിക്കുന്നത് നിർഭാഗ്യകരമാണ്. ശുദ്ധ അസംബന്ധങ്ങൾ പ്രചരിപ്പിച്ച് വിവിധ (സാമൂഹിക) വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നവരാണവർ. സമൂഹത്തെ ഭിന്നിപ്പിച്ചിട്ട് ഇപ്പോൾ നാടകം പോലെ നീതി ചോദിച്ചുവരുന്നു.'-സിദ്ധരാമയ്യ വിമർശിച്ചു.
സഭയ്ക്കുള്ള പ്രതിഷേധിച്ച 10 ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കർണാടക വിധാൻ സൗധയുടെ അങ്കണത്തിലുള്ള ഗാന്ധി പ്രതിമയ്ക്കു ബി.ജെ.പി എം.എൽ.എമാരും എം.എൽ.സിമാരും ചേർന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രോട്ടോക്കോൾ നടപടിക്രമങ്ങൾക്കായി ചുമതലപ്പെടുത്തിയതിനെ വിമർശിച്ചായിരുന്നു സഭയിൽ ബി.ജെ.പി പ്രതിഷേധം. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്.
Summary: 'Protest before Godse statue', says CM Siddaramaiah as BJP boycotts Karnataka Assembly session