'ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ സിംഹം'; ഖാഇദെ മില്ലത്തിന്റെ ഖബറിടത്തിൽ പുഷ്പാർച്ചന നടത്തി എം.കെ സ്റ്റാലിൻ
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ ജന്മദിനമാണ് ഇന്ന്.
ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീൽ സാഹിബിന്റെ ഖബറിടത്തിൽ പുഷ്പാർച്ചന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഖാഇദെമില്ലത്തിന്റെ ജന്മവാർഷികത്തിന്റെ ഭാഗമായാണ് സ്റ്റാലിൻ അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ചത്. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തിയ സിംഹമായിരുന്നു ഖാഇദെ മില്ലത്ത് എന്ന് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത രാജ്യസ്‌നേഹി. തമിഴിനെ ഭരണ ഭാഷയാക്കാൻ വേണ്ടി പോരാടിയ ഭാഷാസംരക്ഷകൻ. മണ്ഡലം പോലും സന്ദർശിക്കാതെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കാൻ മാത്രം സ്വാധീനമുണ്ടായിരുന്ന മഹാനായ നേതാവ്.
പാർലമെന്റിൽ ന്യൂനപക്ഷ സമുദായങ്ങളുടെ തമിഴരുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ സിംഹം. മുസ്‌ലിം സമുദായത്തിന് ഇതുപോലെ മഹാനായ ഒരു നേതാവിനെ ഇനി കണ്ടെത്താനാവുമോയെന്ന കാര്യം സംശയമാണെന്ന് പെരിയാർ അനുസമരിച്ച നേതാവ് മഹാനായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായീൽ.