'ഡൽഹിയിൽ ഞങ്ങൾ വിജയിക്കും': ഉറപ്പിച്ച് പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ
ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ അധികാരം എഎപി നിലനിർത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
പൂർണ ശക്തിയോടെയും ആവേശത്തോടെയും ആം ആദ്മി പ്രവർത്തകർ തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും കെജ്‌രിവാൾ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.
' ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ പ്രവർത്തകരും പൂർണ ശക്തിയോടെയും അതോടൊപ്പം തന്നെ ആവേശത്തോടെയും രംഗത്തിറങ്ങാൻ തയ്യാറാണ്. പ്രവര്‍ത്തകരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. ഏറ്റവും മികച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിനും മോശം രാഷ്ട്രീയപ്രവര്‍ത്തനത്തിനും ഇടയിലായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഡൽഹിയിലെ ജനങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയത്തിൽ വിശ്വാസമുണ്ടാകും. ഞങ്ങൾ തീർച്ചയായും വിജയിക്കും'- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കെജ്‌രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും എഎപി നടത്തിയതായി ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞു. എഎപി നേതാവ് പ്രിയങ്ക കക്കറും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്ത് എത്തി. നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസിനും ബിജെപിക്കും ഏറെ മുന്നിലാണ് എഎപി.
സ്ത്രീകളുടെ കയ്യിലേക്ക് പണമെത്തിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം മദ്യനയവുമായി ബന്ധപ്പെട്ട കേസും കെജ്‌രിവാളിന്റെ അറസ്റ്റുമെല്ലാം എഎപിക്ക് കാര്യങ്ങൾ എളുപ്പമാക്കില്ലെന്നാണ് ബിജെപിയും കോൺഗ്രസും വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അവര്‍ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
ന്യൂഡൽഹി നിയമസഭാ സീറ്റിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയെയാണ് ബിജെപി നിര്‍ത്തുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത്തിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം ബിജെപി സർക്കാറായിരിക്കും ഡല്‍ഹിയില്‍ രൂപീകരിക്കുകയെന്ന് പര്‍വേഷ് വര്‍മ്മ പറയുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സന്ദീപ് ദീക്ഷിതും വ്യക്തമാക്കുന്നു.
15 വർഷം തുടർച്ചയായി ഡൽഹിയിൽ അധികാരത്തിലിരുന്ന കോൺഗ്രസ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും തോറ്റമ്പുകയായിരുന്നു. ഇക്കുറി അതിന് മാറ്റം വരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ വിശ്വാസം. എന്നാല്‍, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റുകൾ നേടി എഎപി ആധിപത്യം സ്ഥാപിച്ചപ്പോൾ ബിജെപിക്ക് എട്ട് സീറ്റുകൾ ലഭിച്ചു.