'ഹിന്ദുക്ഷേത്രങ്ങളെ സർക്കാറുകൾ നിയന്ത്രിക്കേണ്ട'; രാജ്യവ്യാപക പ്രചാരണവുമായി വിഎച്ച്പി

ഹിന്ദു ധർമ്മം മുറുകെ പിടിക്കുന്നവരെ മാത്രമേ ക്ഷേത്ര ട്രസ്റ്റ് ബോർഡിൽ അംഗങ്ങളായി നിയമിക്കാവൂവെന്നും വിഎച്ച്പി

Update: 2025-01-07 11:07 GMT
Editor : rishad | By : Web Desk
Advertising

ഹൈദരാബാദ്: സർക്കാർ നിയന്ത്രണങ്ങളില്‍ നിന്നും ഹിന്ദു ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദുപരിഷത്ത്( വിഎച്ച്പി). ഇതിനായി രാജ്യവ്യാപക പ്രചാരണം നടത്താന്‍ സംഘടന തീരുമാനിച്ചു. 'ഹൈന്ദവ ശങ്കരവം' എന്ന പേരിൽ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഗന്നവാരത്ത് നടന്ന സമ്മേളന് ഇതുസംബന്ധിച്ച പ്രചാരണത്തിന് തുടക്കമിട്ടത്. 

വഖഫ് ബോർഡിനെക്കുറിച്ചും അതിൻ്റെ സ്വത്തുക്കളെക്കുറിച്ചും ചർച്ചകൾ നടക്കുന്ന സമയത്താണ് വിഎച്ച്പിയുടെ 'ആന്ധ്രാപ്രദേശ് സമ്മേളനം'. 

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും എത്തിയ മൂന്ന് ലക്ഷത്തിലധികം പ്രവർത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത് എന്നാണ് വിഎച്ച്പി അവകാശപ്പെടുന്നത്. വിഎച്ച്പി ദേശീയ പ്രതിനിധികളും ബിജെപി നേതാക്കളും യോ​ഗത്തിന്റെ ഭാഗമായി. മറ്റ് സ്ഥാപനങ്ങൾക്ക് ബാധകമല്ലാത്ത നിയന്ത്രണങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് മേല്‍ അടിച്ചേൽപ്പിക്കുകയാണെന്നും ചില കേസുകളില്‍ ക്ഷേത്ര അധികരം ഹിന്ദു അല്ലാത്ത വിഭാഗത്തിന് കൈമാറിയതായും വിഎച്ച്പി ദേശീയ അധ്യക്ഷൻ അലോക് കുമാർ ആരോപിച്ചു.

''ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 1817ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. അതിന് ശേഷം ക്ഷേത്രങ്ങളുടെ മേൽ സർക്കാരുകൾ ആധിപത്യം സ്ഥാപിച്ചുവെന്നും ഏക്കറ് കണക്കിന് ക്ഷേത്രഭൂമിയുടെ കൈയ്യേറ്റത്തിലാണ് ഇത് എത്തിയതെന്നും''  അലോക് കുമാർ പറഞ്ഞു.

'ക്ഷേത്രങ്ങളു‍ടെ പരമ്പരാ​ഗത ആചാരങ്ങൾ തക‌ർക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഭരണസമിതികളുടെ മറവിൽ ക്ഷേത്രങ്ങളെ രാഷ്ട്രീയ പുനരധിവാസത്തിനും മറ്റുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നു. വരുമാനം പലപ്പോഴും ശരിയായ വിധത്തിലല്ല കൈകാര്യം ചെയ്യുന്നത്. വര്‍ഷങ്ങളായി ഹിന്ദു ധർമ്മത്തിന് അനീതിയാണ് ലഭിക്കുന്നത്. ക്ഷേത്രങ്ങളെ പരിപാവനമായി സംരക്ഷിക്കുന്നതിനുപകരം വരുമാന സ്രോതസ്സുകളാക്കി മാറ്റുന്നുണ്ടെന്നും'- അലോക് വര്‍മ്മ ആരോപിച്ചു. 

ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ക്ഷേത്രങ്ങൾക്ക് സമ്പൂർണ്ണ സ്വയംഭരണം വേണമെന്നാണ് വിഎച്ച്പിയുടെ പ്രധാന ആവശ്യം. ഇതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തണം. ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണം. ക്ഷേത്ര സ്വത്തുക്കൾക്കും സംവിധാനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം അക്രമങ്ങള്‍ക്കെതിരെ  കർശന നടപടി വേണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നു.

ഗണേശ ചതുർത്ഥി, ദസറ തുടങ്ങിയ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ല. ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ ഉടൻ പുറത്താക്കണം. ഹിന്ദു ധർമ്മം മുറുകെ പിടിക്കുന്നവരെ മാത്രമേ ക്ഷേത്ര ട്രസ്റ്റ് ബോർഡിൽ അംഗങ്ങളായി നിയമിക്കാവൂ. ക്ഷേത്ര സ്വത്തുക്കൾ കയ്യേറുന്നത് തടയാൻ നടപടി വേണം. കൈയേറ്റ ഭൂമി ക്ഷേത്രങ്ങൾക്ക് തിരികെ നൽകണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം മതപരമായ പ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കണമെന്നും സർക്കാർ പരിപാടികൾക്കായി മാറ്റിവെക്കരുതെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News