രാമനവമി സംഘർഷം; ഖാർഗോണിൽ ഈദ് ദിനത്തിൽ സമ്പൂർണ കർഫ്യു
ഏപ്രിൽ പത്തിന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാർഗോൺ നഗരത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്
ഭോപ്പാൽ: മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമങ്ങളിൽ തുടർനടപടികളുമായി സർക്കാർ. ഈദ് ആഘോഷിക്കാൻ സാധ്യതയുള്ള മെയ് രണ്ട്, മൂന്ന് തിയതികളിൽ ഖാർഗോണിൽ സമ്പൂർണ കർഫ്യു ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈദ് നമസ്‌കാരങ്ങൾ വീട്ടിൽ വെച്ച് നടത്താനാണ് നിർദേശം. എന്നാൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഈ ദിവസങ്ങളിൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും ഖാർഗോൺ അഡിഷണൽ മജിസ്‌ട്രേറ്റ് സമ്മർ സിംഗ് അറിയിച്ചു.
അക്ഷയ തൃതീയ, പരശുരാമ ജയന്തി തുടങ്ങിയ ദിനങ്ങളിലും ജില്ലയിൽ യാതൊരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമസംഭവങ്ങളെ തുടർന്ന് സംഘർഷ സാധ്യത മുൻ നിർത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. ഈദിന് പുറമെ അംബേദ്കർ ജന്മദിനം, മഹാവീർ ജയന്തി, ദുഃഖവെള്ളി, ഹനുമാൻ ജയന്തി എന്നിവയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ പത്തിന് രാമനവമി ഘോഷയാത്രക്കിടെയാണ് ഖാർഗോൺ നഗരത്തിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് തീവെപ്പും കല്ലേറുമുണ്ടായി. അക്രമത്തിനിടെ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ചൗധരിക്ക് വെടിയേറ്റിരുന്നു. സംഘർഷത്തിൽ 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഖാർഗോണിലുടനീളം 64 വർഗീയ കലാപ കേസുകളുമായി ബന്ധപ്പെട്ട് 150 ലധികം പേർ അറസ്റ്റിലായി.