ചട്ടലംഘനം: വിസ ഇൻ കോർപ്പറേഷനെതിരെ നടപടിയുമായി റിസർവ് ബാങ്ക്
ആർ.ബി.ഐയുടെ റെഗുലേറ്ററി ക്ലിയറൻസ് ഇല്ലാതെ പേയ്മെന്റുകൾ നടത്താൻ അനുമതി നൽകിയതിനാണ് പിഴ
മുംബൈ: അനധികൃത പേയ്‌മെന്റ് ട്രാൻസ്ഫർ രീതി ഉപയോഗവുമായി ബന്ധപ്പെട്ട് കാർഡ് സേവന ദാതാക്കളായ വിസ ഇൻ കോർപ്പറേഷൻ വൻ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 24.1 മില്യൺ രൂപ പിഴ ചുമത്തിയതായാണ് റിപ്പോർട്ട്.
ആർ.ബി.ഐയിൽ നിന്നുള്ള റെഗുലേറ്ററി ക്ലിയറൻസ് ഇല്ലാതെ വിസ കമ്പനി ചില പേയ്മെന്റുകൾ നടത്താൻ അനുമതി നൽകിയതിനാണ് പിഴ ചുമത്തിയതെന്നാണ് റിപ്പോർട്ട്. നടപടി നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി വിസ രംഗത്തെത്തി. ആർ.ബി.ഐ ഉത്തരവുകളും നിയമങ്ങളും അംഗീകരിക്കും. ഇന്ത്യയിൽ സുരക്ഷിതമായ പേയ്‌മെന്റ് ഇടപാടുകൾ തുടരുന്നതിന് ആർ.ബി.ഐ മാർഗനിർദേശങ്ങളും ചട്ടങ്ങളും പാലിക്കുമെന്ന് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിൽ, വാണിജ്യ പേയ്‌മന്റുകൾ നടത്തുന്നതിന് അനധികൃതവഴികൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയത് അവസാനിപ്പിക്കാൻ വിസയോട് റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. ഫിൻടെക് കമ്പനികളുടെ ഇടപാടുകളിൽ കർശനപരിശോധന നടത്താനാണ് ആർ.ബി.ഐയുടെ തീരുമാനം.