'ലാൽബാഗ് ചാ രാജയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുമോ?'; അമിത് ഷായുടെ മുംബൈ സന്ദര്‍ശനത്തെ പരിഹസിച്ച് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ അമിത് ഷാക്കെതിരെ ശക്തമായ പൊതുവികാരമുണ്ട്

Update: 2024-09-09 03:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മഹാരാഷ്ട്ര പര്യടനത്തെ പരിഹസിച്ച് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്. ബിസിനസും തൊഴിലുകളും ഗുജറാത്തിലേക്ക് മാറ്റിയെന്നും ഷാ മഹാരാഷ്ട്രയെ ദുര്‍ബലമാക്കിയെന്നും റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "ലാൽബാഗ് ചാ രാജയെ അദ്ദേഹം ഗുജറാത്തിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ ഭയപ്പെടുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയിലെ ലാല്‍ബാഗിലുള്ള പ്രശസ്തമായ ഗണേശ വിഗ്രഹമാണ് ലാല്‍ ബാഗ് ചാ രാജ.

"വലിയ വ്യാവസായിക പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ  അവർ ലാല്‍ ബാഗ് ചാ രാജയെ ഗുജറാത്തിലേക്ക് മാറ്റാൻ സാധ്യതയുള്ളതിനാൽ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.മഹാരാഷ്ട്രയെ ദുർബലപ്പെടുത്തി സംസ്ഥാനത്തെ കൊള്ളയടിക്കുന്നവരെ പിന്തുണയ്ക്കാനാണോ ഇവരുടെ പദ്ധതി? ഇതല്ല ഒരു ആഭ്യന്തര മന്ത്രിയുടെ ജോലി'' റാവത്ത് ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയില്‍ അമിത് ഷാക്കെതിരെ ശക്തമായ പൊതുവികാരമുണ്ട്. ആഭ്യന്തര മന്ത്രിയാണെങ്കിലും അദ്ദേഹം ദുര്‍ബലനാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. ജമ്മുവിലും മണിപ്പൂരിലും  സ്ഥിതി വ്യത്യസ്തമല്ല. ഷാ എപ്പോഴും മഹാരാഷ്ട്രയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിനാൽ ഇവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ സംസ്ഥാനത്തിൻ്റെ ശത്രുവായി കണക്കാക്കുന്നു'' റാവത്ത് കുറ്റപ്പെടുത്തി.'' ഫഡ്‌നാവിസ് 100 ജന്മം എടുത്താലും എൻസിപി (എസ്‌പി) നേതാവ് ശരദ് പവാറിൻ്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കാൻ കഴിയില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശരദ് പവാർ മൂന്നോ നാലോ പേരുകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന ഫഡ്‌നാവിസിൻ്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റാവത്തിന്‍റെ പരാമര്‍ശം. എന്നാല്‍ പവാറിന്‍റെ പട്ടികയില്‍ ശിവസേന യുബിടി വിഭാഗം തലവന്‍ ഉദ്ധവ് താക്കറെയുടെ പേരുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും ചേർന്ന് മഹാരാഷ്ട്രയിലെ പാർട്ടികളിലെ പിളർപ്പിനും ഈ പാർട്ടികളെ നയിക്കുന്ന കുടുംബങ്ങൾക്കുള്ളിൽ പോലും പിളർപ്പിനും ആസൂത്രണം ചെയ്തതായി റാവത്ത് ആരോപിച്ചു. കുടുംബത്തെ തകർക്കുന്നവരെ നോക്കി സമൂഹം നെറ്റി ചുളിക്കുമെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഈയിടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആരോപണം. പാർട്ടി നേതാവും മന്ത്രിയുമായ ധർമറാവു ബാബ ആത്രത്തിൻ്റെ മകൾ ഭാഗ്യശ്രീ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയില്‍(എസ്പി)ചേരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു അജിത് പവാറിന്‍റെ പരാമര്‍ശം. “രാഷ്ട്രീയ പാർട്ടികളെയും കുടുംബങ്ങളെയും (മഹാരാഷ്ട്രയിൽ) തകർത്തത് ആരാണ്? മോദിയും ഷായും രാഷ്ട്രീയ പാർട്ടികളിലും കുടുംബങ്ങളിലും ഭിന്നിപ്പുണ്ടാക്കി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അജിത് പവാറും അതിന് ഇരയായി. തങ്ങളെ ഭീഷണിപ്പെടുത്തുകയോ സമ്മർദ്ദം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ ചെയ്‌തതായി അവർ സമ്മതിക്കണം'' റാവത്ത് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അവിഭക്ത ശിവസേനയോ ശരദ് പവാറിൻ്റെ എൻസിപിയോ ആകട്ടെ, ഷിൻഡെയ്ക്കും അജിത് പവാറിനും വർഷങ്ങളോളം ധാരാളം അവസരങ്ങൾ നൽകിയെങ്കിലും ഇരുനേതാക്കളും കൂറുമാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാജ്യസഭാ എംപി കൂട്ടിച്ചേര്‍ത്തു.

“മണിപ്പൂരില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി ഇവിടെ മുംബൈയിലാണ്. അദ്ദേഹം ജമ്മു കശ്മീരിലോ മണിപ്പൂരോ സന്ദര്‍ശിക്കണം. മുംബൈയില്‍ എന്തിനാണ് വരുന്നത്? മണിപ്പൂർ സന്ദർശിക്കാൻ അദ്ദേഹം ധൈര്യം കാണിക്കണം,” റാവത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മണിപ്പൂരിൽ നടന്ന അക്രമസംഭവങ്ങളിൽ ഏഴ് പേർ കൊല്ലപ്പെടുകയും 15ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം വരുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് മഹാ വികാസ് അഘാഡി സഖ്യത്തിലെ കക്ഷികളായ കോണ്‍ഗ്രസും ശിവസേന(യുബിടി)യും എൻസിപിയും (എസ്പി) അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News