ഇന്‍ഡ്യാ മുന്നണി ഒരിക്കലും വ്യാജ ഹിന്ദുത്വത്തെ പിന്തുണക്കുന്നില്ല: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സഞ്ജയ് റാവത്ത്
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാവത്ത്
മുംബൈ: ലോക്സഭയിലെ ഹിന്ദു പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന(യുബിടി)നേതാവ് സഞ്ജയ് റാവത്ത്. വ്യാജ ഹിന്ദുത്വത്തെ ഇന്‍ഡ്യാ മുന്നണി പിന്തുണക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റാവത്ത്.
''വിദ്വേഷം പരത്തലല്ല ഹിന്ദുത്വം . ബി.ജെ.പി ചിത്രീകരിക്കുന്ന കപട ഹിന്ദുത്വവുമായി ഞങ്ങൾ യോജിക്കുന്നില്ല'' റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. '''രാഹുൽ ഗാന്ധി ഹിന്ദുക്കളെയും ഹിന്ദു സമൂഹത്തെയും കുറിച്ച് തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. 'ഹിന്ദുത്വ' എന്നത് വളരെ വിശാലമായ പദമാണെന്നും ബി.ജെ.പിക്ക് ഇത് മനസ്സിലാകില്ലെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്വയം ഹിന്ദുക്കളായി കരുതുന്നവർ അദ്ദേഹത്തിന്‍റെ പ്രസംഗം ഒന്നുകൂടി കേള്‍ക്കണം'' റാവത്ത് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ സാഹചര്യം ചൂണ്ടിക്കാട്ടി സഞ്ജയ് റാവത്ത് തൻ്റെ പ്രസ്താവനയെ ന്യായീകരിച്ചു. ശിവസേന ഹിന്ദുക്കളെ കൈവിട്ടുവെന്ന് ബി.ജെ.പി പലപ്പോഴും ആരോപിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം പരാമർശിച്ചു. എന്നാൽ, താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് റാവത്ത് അവകാശപ്പെട്ടു.“ഞാൻ ഹിന്ദുത്വത്തെ വിട്ടിട്ടില്ല.എന്നാല്‍ ബി.ജെ.പിയെ ഉപേക്ഷിച്ചു. ഹിന്ദുത്വം സംസ്‌കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ഭാഗമാണ്, വിദ്വേഷം പ്രചരിപ്പിക്കാനുള്ള മാർഗമല്ല'' റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസും രാജ്യത്തുടനീളമുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്ന ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം).
ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഹിന്ദു മതം അക്രമരാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്‍റെ പ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്കാണ് നയിച്ചത്. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തുകയായിരുന്നു.