സുപ്രിംകോടതി ജഡ്ജിമാരുടെ പ്രതിനിധിസംഘം മണിപ്പൂരിൽ; കുക്കി, മെയ്‌തെയ് മേഖലകൾ സന്ദർശിക്കും
ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ഇംഫാലിലെത്തിയത്.


ന്യൂഡൽഹി: സുപ്രിംകോടതി ജഡ്ജിമാരുടെ പ്രതിനിധിസംഘം മണിപ്പൂരിലെത്തി. ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ഇംഫാലിലെത്തിയത്. സംഘർഷം നടക്കുന്ന കുക്കി, മെയ്‌തെയ് മേഖലകൾ സംഘം സന്ദർശിക്കും. ജസ്റ്റിസ് ബി.ആർ ഗവായിക്ക് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, എം.എം സുന്ദ്രേഷ്, കെ.വി വിശ്വനാഥൻ, എൻ. കോതിഷ്‌വാർ എന്നിവരാണ് ഇംഫാലിൽ എത്തിയത്.
നാഷണൽ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനായ ജസ്റ്റിസ് ഗവായ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളും ലീഗൽ സർവീസ് ക്യാമ്പുകളും വിർച്വലായി ഉദ്ഘാടനം ചെയ്യും. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ഉഖ്‌റുൽ ജില്ലകളിലെ ലീഗൽ എയ്ഡ് ക്ലിനിക്കുകളും ജസ്റ്റിസ് ഗവായ് ഉദ്ഘാടനം ചെയ്യും.
കലാപത്തെ തുടർന്ന് ഭവനരഹിതരായവരിലേക്ക് സർക്കാരിന്റെ പ്രവർത്തനം എത്തിക്കുകയാണ് ലീഗൽ സർവീസ് ക്യാമ്പുകൾ വഴി ഉദ്ദേശിക്കുന്നത്. ക്ഷേമപ്രവർത്തനങ്ങൾ, ആരോഗ്യസുരക്ഷ, പെൻഷൻ, തൊഴിലവസരങ്ങൾ, തിരിച്ചറിയൽ രേഖകൾ വീണ്ടെടുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ലീഗൽ സർവീസ് ക്യാമ്പുകൾ വഴി സഹായം നൽകും.
സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കാനുള്ള സുപ്രിംകോടതി ജഡ്ജിമാരുടെ തീരുമാനത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ സ്വാഗതം ചെയ്തിരുന്നു. അതേസമയം സംഘർഷം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിട്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ വൈകിയതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.