'അർജുനായുള്ള തിരച്ചിൽ തുടരും'; തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുമെന്ന് കാർവാർ എം.എൽ.എ
രക്ഷാപ്രവർത്തനത്തിലെ തുടർനടപടികൾ അവലോകന യോഗം ചർച്ചചെയ്തു.
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നിർത്തില്ലെന്ന് കർവാർ എം.എൽ.എ. കേരള- കർണാടക മന്ത്രിമാർ ഫോണിൽ സംസാരിച്ചു. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം.എൽ.എ. രക്ഷാപ്രവർത്തനത്തിലെ തുടർനടപടികൾ യോഗം ചർച്ചചെയ്തു.
അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഫലമുണ്ടാകുന്നതുവരെ തിരച്ചിൽ നടത്തണമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കയച്ച കത്തിൽ പറയുന്നത്. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കർണാടക സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.